പാതിരായ്ക്ക് (കഥ)


"കൊന്നേ പറ്റൂ..."

"ആരെ?! എന്തിനാ?!"

"ഒന്നുറങ്ങാൻ കഴിയുന്നില്ല. കണ്ണടയ്ക്കുമ്പോഴെല്ലാം കാതിൽ മുഴങ്ങി കേൾക്കുന്നു. വയ്യ സഹിക്കാൻ പറ്റുന്നില്ല. ചെയ്തേ പറ്റൂ.."

"ശ്ശോ..ആരെ കൊല്ലാനാ? എന്റെ ദൈവമേ.... എനിക്ക് പേടിയാവുന്നല്ലോ..."

" ഒന്നും മിണ്ടാതിരിക്കാമോ.. അതിന് എന്തിനാ പേടിക്കുന്നത്?.. പോയി കിടന്നുറങ്ങെടീ..."

" ഈ മനുഷ്യൻ..! അങ്ങേര് ആരെയോ കൊല്ലാൻ പോകുന്നു. എന്നോട് ഉറങ്ങാൻ പറയുന്നു.! എന്റെ ദൈവമേ... എന്റെ സമാധാനം പോയേ... "

" ഇവളെന്റെ കയ്യിൽ നിന്നും വാങ്ങിക്കും."

" നിങ്ങൾ ആരെയാണ് കൊല്ലാൻ പോകുന്നതെങ്കിലും പറയൂ.."

" എന്തിനാണാവോ? അവരെ ഫോൺ വിളിച്ചു പറയാനാണോ? അതിന് അവരുടെ കയ്യിൽ ഫോണൊന്നുമില്ല."

" ഓഹോ... അപ്പോൾ അതും....! എന്നാ ഞാൻ പുറത്തിറങ്ങി നാട്ടുകാരോട് ഉറക്കെ വിളിച്ചു പറയും. നിങ്ങൾ ഇപ്പോൾ ആരെയും കൊല്ലാൻ ഞാൻ സമ്മതിക്കില്ല."

" ശ്ശെടാ... ഇതൊരു ശല്യമായല്ലോ."

" പറഞ്ഞോ പറഞ്ഞോ.... ഞാനിപ്പോൾ നിങ്ങൾക്ക് ശല്യം.! അല്ലേ? ഞാൻ മര്യാദയ്ക്ക് വീട്ടിൽ കുത്തിയിരുന്നതാ. അവിടെ ചക്കരയുമായി വന്ന് വലിയ വീരവാദം ഒക്കെ പറഞ്ഞു, എന്നെയും എന്റെ വീട്ടുകാരെയും വേദനിപ്പിച്ചിട്ട്... ഇപ്പൊ"

"നിനക്ക് വട്ടുണ്ടോ?"

" ഇനി അതും പറഞ്ഞോ. എനിക്ക് വട്ടാണെന്ന്. എനിക്കെല്ലാം മനസ്സിലായി. ഏതോ പെണ്ണിന് വേണ്ടി ആരെയോ കൊല്ലാൻ അല്ലേ നിങ്ങൾ പോകുന്നത്?"

" എത്ര കൃത്യമായിട്ട് പറഞ്ഞു. മിണ്ടാതിരുന്നോണം."

" ഞാനിപ്പം കാണിച്ചു തരാം. "

" വാതിൽ തുറന്ന് നീ എങ്ങോട്ടാ പോകുന്നത്? "

" നാട്ടുകാരെ ഓടി വരണേ... ഇങ്ങേര് കൊല്ലാൻ പോകുന്നേ... നാട്ടുകാരേ...ഓടി വരണേ..."

"യ്യോ...! ടീ..."

"ഉം.... ഉം... വിടു മനുഷ്യാ..."

 അതേസമയം അടുത്തുള്ള തീയേറ്ററിൽ സെക്കൻഡ് ഷോ കണ്ട് നടന്നു വരുന്ന മത്തായിയും കുടുംബവും.

" അച്ചായാ ദിവാകരേട്ടന്റെ അവിടെ എന്തൊക്കെയോ ഉച്ചത്തിൽ സംസാരം കേൾക്കുന്നുണ്ടല്ലോ.!? "

" അതെ ചേച്ചിയുടെയും കേൾക്കുന്നു."

" അയ്യോ അത് ചേച്ചിയുടെ നിലവിളി ആണല്ലോ.!!"

" നിങ്ങളെന്നെ വിടുന്നുണ്ടോ?"

" നീ ഇനി ഒച്ചയെടുത്താൽ.. "

" യ്യോ... ഇങ്ങേര് കൊല്ലാൻ പോകുന്നേ.... നാട്ടുകാരേ..... ഉം.... ഉം... ഉം... "

"നിന്നെ ഞാൻ.."

"യ്യോ... ചേട്ടാ.... എന്താ? എന്താ പ്രശ്നം? ഒന്നും ചെയ്യല്ലേ.. നമുക്ക് പറഞ്ഞു തീർക്കാം."

" ആരും തീർക്കണ്ട. ഞാൻ ഒറ്റയ്ക്ക് തീർത്തോളാം. "

" കണ്ടോ പിള്ളാരേ.... ഈ മനുഷ്യൻ പറയുന്നത്.! അങ്ങേര് ഒറ്റയ്ക്ക് തീർത്തോളാമെന്ന്. "

" ചേച്ചി വിഷമിക്കാതെ. ചേട്ടന് ഒറ്റയ്ക്ക് തീർക്കാനാണ് ഇഷ്ടമെങ്കിൽ കുറേശ്ശെയായി ഒറ്റയ്ക്ക് തീർത്തോട്ടെ. ചേട്ടന്റെ ആഗ്രഹമല്ലേ."

" കൊള്ളാല്ലോ... അപ്പോ നിങ്ങളും ഇങ്ങേർക്ക് കൂട്ടാണല്ലേ.!"

" യ്യോ.. അല്ല. ചേച്ചി പറ. ഞാൻ എന്താ ചെയ്യേണ്ടത്? "

" ആണോ? എന്നാ ഇങ്ങേര് പോകുന്നതിന്റെ പുറകെ നിനക്ക് പോകാമോ? "

" ഇപ്പോഴോ? "

"ഹ്ങ്ങാ ."

" നീ ഇവള് പറയുന്ന വട്ട് കേട്ട് എന്റെ പുറകെ വന്നാൽ ഉണ്ടല്ലോ... നിന്റെ മുട്ടുകാൽ അടിച്ചിടും. പറഞ്ഞേക്കാം."

" ശരിക്കും നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്താ? "

" അത്.... പിന്നെ.. പിന്നെ... മത്തായി... ഇങ്ങേരെ.... ഇങ്ങേര് ഉറക്കത്തിൽ നിന്നും എഴുന്നേറ്റിട്ട് ആരേയോ കൊല്ലാൻ പോകുവാ."

"ഹ്ങ്ങേ.. കൊല്ലാനോ!!"

" അതിനായി ഇവിടെ എവിടെയോ ഉള്ള ഒരു തോക്കും എടുക്കാൻ നോക്കി."

" എന്ത് തോക്കോ? ഞാനെപ്പോഴാടീ തോക്ക് എടുത്തത് ?"

" എടുത്തില്ല പക്ഷേ നിങ്ങൾ അന്വേഷിച്ചില്ലേ?"

" ഞാൻ നിന്നോട് ചോദിച്ചോ? "

" ഇല്ല. പക്ഷേ അവിടെയെല്ലാം നിങ്ങൾ തപ്പുന്നുണ്ടായിരുന്നു. "

" അത് ശരി.! ഞാൻ നോക്കുന്നതെല്ലാം തോക്കാണെന്ന് നിന്നോട് ആരാ പറഞ്ഞത്.? പറയെടീ.. "

" ചേട്ടാ... ചേച്ചിക്ക് ഒരു അബദ്ധം പറ്റിയതാ. പോട്ടെന്നേ... "

"നീ പറഞ്ഞതു കൊണ്ട്..."

" അല്ല ചേട്ടാ... ചേട്ടനെന്താ നോക്കിയത്? ഉറക്കത്തിൽ എന്താ പറ്റിയത്? വിരോധമില്ലെങ്കിൽ... "

" എന്റെ മത്തായി... ഉറക്കത്തിൽ അങ്ങേരുടെ ചെവിയിൽ എന്തോ മുഴങ്ങി കേൾക്കുന്നുണ്ട്. തക്കതായ എന്തോ ഉണ്ട്. അതെന്താണെന്ന് പറയുന്നില്ല."

" അതേടി നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. വൈകിട്ട് നേരത്തെ തന്നെ ജനലുകളും വാതിലുകളും അടയ്ക്കണമെന്ന്. അത് ചെയ്യാത്തതിനാൽ വിളിക്കാതെ കുറെ പേർ ഇവിടെ കയറിയിട്ടുണ്ട്. അവരെ കൊല്ലാൻ വേണ്ടിയാ ഞാൻ അവിടെയെല്ലാം തപ്പിയത്. "

" അയ്യോ അതായിരുന്നോ? ചേട്ടനത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഈ വഴക്ക് ഉണ്ടാകുമായിരുന്നോ? "

" അതേ മത്തായി എപ്പോഴും ഇങ്ങനെയാ ഇങ്ങേര്. ഒരു കാര്യവും മര്യാദയ്ക്ക് പറയില്ല. എനിക്കാണെങ്കിൽ ഊഹിച്ചെടുക്കാനും അറിയില്ല."

" ഇപ്പോൾ സമാധാനമായില്ലേ.? ചേട്ടാ വീട്ടിലുണ്ട് കൊതുകുതിരി. ഞാൻ എടുത്തോണ്ട് വരാം."

മത്തായിയും കുടുംബവും ഉടനെ പോയി.

" എന്തു നല്ല മനുഷ്യനാലേ...?"

"ആര്?"

" ആ മത്തായിയെ."

" മത്തായി വന്നതു കൊണ്ട് നീ രക്ഷപ്പെട്ടു. "

" നിങ്ങൾ ക്ഷമിക്കൂ. ഞാൻ ഇനി ഒച്ച എടുക്കില്ല. പോരേ..? "

 " ടീ... കുറെ നേരമായല്ലോ. മത്തായിയെ കണ്ടില്ലല്ലോ. ചിലപ്പോൾ അവിടെയുള്ളത് തീർന്നു പോയിട്ടുണ്ടാവും."

" ഇന്ന് നിങ്ങൾ എങ്ങനെയെങ്കിലും ഒന്നുറങ്ങു. നാളെ ഒരു കൊതുകു വല വാങ്ങിച്ചാൽ മതി അതാണ് ആരോഗ്യത്തിന് നല്ലത്. "

" അത് ശരിയാ നിനക്കിത് നേരത്തെ പറഞ്ഞു കൂടായിരുന്നോ? "

"ഹ്ങ്ങേ... എങ്ങനേ ....? എങ്ങനെയെങ്ങനെ? എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കണ്ട."

" ചൂടാവല്ലേ പ്രിയതമേ.. "

"ഓ.... ഇപ്പോളെന്ത് സ്നേഹം!!"

 രാവിലെ കുറച്ച് വൈകിയാണ് കല്യാണിയമ്മ എഴുന്നേറ്റത്. പുറത്ത് ഭയങ്കര ശബ്ദം. പട്ടിയുടെ കുര കേൾക്കുന്നു. വാതിൽ തുറന്ന കല്യാണിയമ്മയെ എതിരേൽക്കാൻ നാട്ടുകാരും, പോലീസും, പോലീസ് നായയും.!!

 നായ പോകുന്ന വഴിയേ പോലീസുകാരും നാട്ടുകാരും കൂടെ കല്യാണിയമ്മയും പോയി. നിറയെ വെള്ളമുള്ള ഒരു പഴയ കിണറിന്റെ അടുത്താണ് എല്ലാവരും എത്തിപ്പെട്ടത്. അതാ.... കിണറ്റിൽ ആരോ മരിച്ചു കിടക്കുന്നു.! ജഡം പുറത്തെടുത്തു. കല്യാണിയമ്മ ഒന്നേ നോക്കിയുള്ളൂ.

"ഹ്ങ്ങ്... അയ്യോ.... മത്തായി..!!"

 ചാനലുകാർ വന്നു. പോലീസ് അവരോട് പറഞ്ഞു: "ജഡത്തിൽ വാള് കൊണ്ട് വെട്ടിയതിന്റെ പാടുകൾ പത്തോളം. കൊലപാതകം തന്നെ."

✍️ഷൈനി 
window.adsbygoogle

Comments

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )