സത്യം ഞാൻ പറയാം.




അവനെ അന്ന് കൊണ്ട് ചെല്ലാനാണ് ഡോക്ടർ പറഞ്ഞത്. അതിനാൽ ഞാൻ രാവിലെ തന്നെ ബുക്ക് ചെയ്തു. ഒമ്പതാമത്തെ നമ്പർ കിട്ടി. പേര് വിളിച്ചു കഴിഞ്ഞാലും മൂന്നുപേര് കഴിഞ്ഞു ഡോക്ടറെ കാണാമെന്ന ധൈര്യത്തിൽ ഞാനും മോനും ഹോസ്പിറ്റലിലേക്ക് പോയി.

അവിടെ ഞങ്ങൾ എത്തുന്നതിനു മുന്നേ പേരു വിളിച്ചിരുന്നു. ഇനിയിപ്പം മൂന്ന് പേര് കഴിഞ്ഞ്... സാരമില്ല. അവിടെയൊരു ടിവി സ്ക്രീനിൽ ശബ്ദമില്ലാതെ ആരൊക്കെയോ നെട്ടോട്ടമോടുന്നു. അവരുടെ താഴെ കുറെ അക്ഷരങ്ങൾ  " എന്നെ കാണൂ...എന്നെ കാണൂന്ന് " പറഞ്ഞു വരിവരിയായി പോകുന്നു. ഇടയ്ക്ക് മാസ്ക് ഇടാൻ ആരും മറക്കണ്ട എന്നുള്ള പരസ്യവും. എല്ലാവർക്കും സമ്മതം കൊടുത്ത് ഞാനും മോനും അവിടെയിരുന്നു.

സമയം കടന്നു പോകുന്നു. ഡോക്ടറുടെ മുറിയിലേക്ക് ആരെയും വിളിക്കുന്നുമില്ല, ആരും അവിടെ നിന്നും ഇറങ്ങി പോകുന്നുമില്ല. ഞങ്ങളുടെ ചുറ്റിനും ഇരിക്കുന്നവരുടെ പലരുടെയും 'ക്ഷമ' വണ്ടി കാത്തു നിൽക്കുന്നു. അതിൽ ഒരാൾ ഓഫീസിൽ നിന്നും ഹാഫ് ഡേ എടുത്ത് വന്നതായിരുന്നു. പുള്ളി ഒരു ഹിന്ദിക്കാരനും. ഹിന്ദിയിൽ എന്തൊക്കെയോ ഡോക്ടറുടെ മുറിയിലേക്ക് നോക്കി പിറുപിറുത്തു കൊണ്ട് അവിടെ നിന്നും അയാൾ പോയി.

പിന്നെയും സമയം കടന്നു പോകുന്നു. അതാ ഡോക്ടർ....! ശങ്കരാടി ചില സിനിമയിൽ നടന്നു വരുന്ന സ്റ്റൈലിൽ പുറത്തു നിന്നും ഡോക്ടറുടെ മുറിയിലേക്ക് കയറി.

" അമ്മേ....  ഈ ഡോക്ടർ ഇവിടെ ഇല്ലായിരുന്നു... അല്ലേ ! നമ്മളെ ഉടനെ വിളിക്കുമായിരിക്കും."

" വിളിക്കുമായിരിക്കും.!"

ഡോക്ടർ വന്നയുടനെ ആ മുറിയിൽ ഉണ്ടായിരുന്ന നേഴ്സ്  പുറത്തേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും നേഴ്സ് വന്നില്ല.

ക്ഷമ പിണങ്ങി പോയ ഒരാൾ വേഗം കസേരയിൽ നിന്നും എഴുന്നേറ്റു ഡോക്ടറുടെ വാതിലിൽ ആഞ്ഞ് രണ്ട് അടി.!! അടി കൊടുത്തയാൾക്ക് ഡോക്ടറുടെ അത്രയും പ്രായം ഇല്ലെങ്കിലും അറുപത്തിയഞ്ചിന് മേലെ തോന്നിക്കും.

ആ അടിയുടെ പ്രകമ്പനത്തിൽ അവിടെയിരുന്ന ഞങ്ങളെല്ലാവരും ഒന്നു ഞെട്ടി. ഉടനെ എവിടുന്നോ  അവിടെത്തെ  നേഴ്സ് തിരികെ വന്നു. പെട്ടെന്ന് ഒരു രോഗിയുടെ പേര് വിളിച്ചു. ആ രോഗി നേരത്തെ പോയ ഹിന്ദിക്കാരൻ ആയിരുന്നു. പിന്നെ നേഴ്സ് കതകിന് ഇടികൊടുത്ത ആളെ വിളിച്ചു.

" സിസ്റ്റർ ഞാനല്ല രോഗി. രോഗി ഇപ്പൊ വരും. പുറത്ത് കാറിൽ ഇരിക്കുകയാണ്. ഞാൻ ഫോൺ ചെയ്തിട്ടുണ്ട്. ഇപ്പൊ വരും.. "

അത് കേട്ടതും ഹോസ്പിറ്റലിൽ ഒരു കൂട്ടച്ചിരി. അതിൽ ഞങ്ങളും പങ്കെടുത്തു. നേഴ്സ് ഉടനെ അടുത്ത ആളെ വിളിച്ചു. അവർ വേഗം കയറി. അധികം നേരം എടുത്തില്ല ഉടനെ ഇറങ്ങി.

അപ്പോഴേക്കും കാറിലെ രോഗി അരയന്ന നടത്തത്തിൽ അവിടെയെത്തി. വേഗം അവർ രണ്ടുപേരും ഡോക്ടറുടെ മുറിയിൽ കയറി. താമസിയാതെ ഞങ്ങളെ വിളിച്ചു. ഞങ്ങൾ അകത്തോട്ട് കയറിയതും അകത്തിരുന്നവർ പുറത്തേക്ക് ഇറങ്ങിയതും ഒരുമിച്ചാണ്.

ഡോക്ടർ എന്തൊക്കെയോ മരുന്ന് ആ പോയവർക്ക് വേണ്ടി കമ്പ്യൂട്ടറിൽ കുറിക്കുന്നു. അതിനിടയിൽ  "സിസ്റ്ററേ.... ഇപ്പോ പോയവരാണോ വാതിലിൽ അടിച്ചത്?"

" അല്ല ഡോക്ടറെ... അടിച്ചയാൾ അപ്പോൾ തന്നെ പോയി. "

"ആണോ?!"

ഇത് കേട്ടിരുന്ന ഞാൻ " അല്ല... അല്ല അതല്ല സത്യം. ഞാൻ പറയാം. ഈ മനുഷ്യൻ തന്നെയാണ് ഈ കതകിൽ ശക്തിയിൽ ഇടിച്ചത്. അതിന് എന്റെ രണ്ടു കണ്ണും സാക്ഷിയാണ്. ഞാനത് എവിടെയും പറയും."

അതെ മനസ്സിൽ ഞാൻ അവിടെ രണ്ടു വട്ടം പറഞ്ഞു.

നേഴ്സിന്റെ മൊഴിയിൽ തൃപ്തിയായ ഡോക്ടർ എന്തോ ചെയ്യാൻ ഉറച്ച മനസ്സിനെ പിൻവാങ്ങി ഞങ്ങളോട് ഇപ്പോൾ എങ്ങനെയുണ്ടെന്ന് ചോദിച്ചു.

വെണ്മയാർന്ന തലമുടി ഏഴ് അഴകിലേക്ക് കടക്കുന്നതിനായി... നാലും കൂട്ടി മുറുക്കിയ പോലെയുള്ള ഡോക്ടറുടെ തലമുടി കണ്ടു കൊണ്ട്....  ഞാൻ : "ഇപ്പൊ നല്ല മാറ്റമുണ്ട് ഡോക്ടർ."
✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )