വരും വരാതിരിക്കില്ല (ഭാഗം 2)
(ഭാഗം 2)
" ഇതൊക്കെ പെട്ടെന്ന് മാറ്റണം എന്ന് പറഞ്ഞാൽ.... അത് ഉടനെ നടക്കില്ല. പീഡനങ്ങൾ ഭൂമിയിൽ എന്നും ഉണ്ട്. ഇതിന് എന്റെ കൈയ്യിൽ ഇപ്പോൾ മരുന്നില്ല. മരുന്ന് കൈയിലുള്ള വേറെ ആരെയെങ്കിലും നീ വിളിക്കൂ. "
" ഇതെന്താ പണ്ട് സർക്കാർ ഓഫീസിൽ ചെന്നത് പോലെ എന്നോട് ഇപ്പോൾ ഇങ്ങനെ പറഞ്ഞത്? അടുത്ത ആളും ഇതു പോലെ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും? പറ്റില്ല. എനിക്കിപ്പോൾ തന്നെ വരം വേണം. "
" വരം വല്ല മരത്തിലും ഉണ്ടോന്ന് നോക്ക്. അങ്ങനെയാണെങ്കിൽ ഞാൻ പിച്ചി തരാം. "
" ഓഹോ... ദൈവത്തിന് അപ്പോൾ വളിച്ച തമാശ പറയാനും അറിയാം. അങ്ങനെ വളിപ്പ് പറഞ്ഞ് എന്നെ വളഞ്ഞ വഞ്ചിയിൽ വടക്കോട്ട് വിടാമെന്ന് വിചാരിക്കേണ്ട. "
" അങ്ങനെയാണെങ്കിൽ ഞാൻ വേറൊരാളെ നിന്റെ അടുത്തേക്ക് ഉടനെ പറഞ്ഞു വിടും. അങ്ങേര് വടക്കോട്ട് അല്ല തെക്കോട്ടാണ് പറഞ്ഞു വിടുന്നത്. "
" അല്ല എനിക്ക് അറിയാത്തത് കൊണ്ട് ചോദിക്കുവാ. എന്നോട് മാത്രം ആണോ ദൈവത്തിന്റെ ഈ തർക്കുത്തരം?!"
"നീ തർക്കിച്ചിട്ട് ഞാൻ തർക്കുത്തരം പറഞ്ഞെന്ന് ആക്കിയോ? അതു കൊള്ളാലോ. ഇത് ശരിയല്ല. ഞാൻ പോകുക ."
" അയ്യോ! പിണങ്ങി പോകല്ലേ. ഞാൻ ഇനി തർക്കിക്കില്ല. തർക്കിച്ചാൽ തന്നെ അതിന് ഉത്തരവും വേണ്ട. "
" ശരി ശരി... ഇനി തർക്കിച്ചാൽ ആ തലമണ്ടയ്ക്ക് നോക്കി നല്ലത് തരും. "
" ദൈവം ഇങ്ങനെയൊക്കെ പറയുമോ ഇത്തരം സംസാരങ്ങൾ ഞങ്ങൾ മനുഷ്യർ അല്ലേ പറയുന്നത്?"
" നീ വീണ്ടും..... ഇത് ശരിയാവില്ല"
"അയ്യോ പോവല്ലേ... ഇനി പറയില്ല. ഒന്ന് ക്ഷമിക്കൂ. എനിക്ക് ചോദിക്കാനുള്ളത് ഞാൻ വേഗം ചോദിക്കാം.
അതേ ഭഗവാനെ... എനിക്ക് നല്ല വിഷമം ഉണ്ട്. ഓരോന്നും കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. വിഷമം കൂടിയിട്ട് എന്റെ ഹൃദയം പൊട്ടി പോകും എന്ന് തോന്നുന്നു."
" ഇപ്പോ എന്തായാലും ആ ഹൃദയം പൊട്ടിക്കാൻ നിൽക്കണ്ട. കാര്യം പറയൂ. ഇല്ലെങ്കിൽ ആ ഹൃദയം കൂടി കൂട്ടിച്ചേർക്കാൻ എന്നോട് ആവശ്യപ്പെടും നീ. അത് വേണ്ട. "
"ഹ.. ഹ... ഭഗവാൻ എനിക്കു പറ്റിയ ആളാണല്ലോ.! എനിക്കിഷ്ടമായി. എനിക്ക് കോമഡികാരെ ഭയങ്കര ഇഷ്ടമാണ്. ടിവിയിൽ ഏത് ചാനലിലും ഉണ്ട് കോമഡി പ്രോഗ്രാം. അതിൽ തന്നെ മഴവിൽ മനോരമയിൽ സ്റ്റാന്റപ്പ് കോമഡി പറയാൻ ചിലർ വരും. ചിരിച്ച് ചിരിച്ച് ഒരു വഴിയാകും. പിന്നെ ഉപ്പും മുളകും, ചക്കപ്പഴവും, തട്ടീം മുട്ടീം പിന്നെ...
" നീ ചക്കപ്പഴത്തിൽ ഉപ്പും മുളകും ചേർത്ത് കറി ഉണ്ടാക്കാൻ നോക്കിയാൽ ഞാൻ തട്ടീന്നും മുട്ടീന്നും ഇരിക്കും. പിന്നെ നീ മോങ്ങീന്നും ഇരിക്കും. വേഗം പറ പെണ്ണെ. "
" എന്താ... അടിക്കും എന്നോ? അയ്യോ വേണ്ട. മനുഷ്യരുടെ അടി തന്നെ താങ്ങാൻ പറ്റുന്നില്ല. പിന്നെ എങ്ങിനെ ദൈവത്തിന്റെ അടി താങ്ങും?!
കൺമുന്നിൽ വരാതെ തന്നെ ദൈവം കുറേ താങ്ങിയിട്ട്... അത് താങ്ങാൻ പറ്റാത്ത കുറേ പേർ ഇവിടെയുണ്ട്. അവർക്കും എല്ലാവർക്കും വേണ്ടിയിട്ടാ ഞാൻ ഇപ്പൊ വന്നത്.
ഭഗവാനേ,.. ഞാനീ പറയുന്നതെല്ലാം സത്യമായ കാര്യങ്ങൾ ആണ്. കാലങ്ങളായി നടക്കുന്ന ചില സത്യങ്ങൾ. ആ സത്യങ്ങൾ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. "
" എന്താണ് നീ കണ്ട സത്യങ്ങൾ? "
" സത്യങ്ങൾ പറയാം. അതെങ്ങനെ പൊളിച്ചെഴുതണം എന്നും ഞാൻ പറയാം. അവസാനം ' അങ്ങനെ തന്നെയാവട്ടെ എന്ന് അങ്ങും പറയണം. "
" ആദ്യം കേൾക്കട്ടെ... എന്റെ കുഞ്ഞേ പറയൂ... "
" പറയുമ്പോൾ ജനനം മുതൽ പറയേണ്ടിവരും. വിവാഹം കഴിക്കാൻ പെണ്ണു കാണാൻ വരുന്നവർക്ക് പലഹാരങ്ങൾ കൊടുത്ത് മുടിയുന്നു.
ഇനി പെണ്ണു കാണാൻ വരുന്നവർ കൂടെ ഒന്നും രണ്ടും കൂട്ടം പലഹാരം കൂടി കരുതണം. വിരുന്നിന് പോകുന്നവർ വെറും കൈയോടെ എങ്ങും പോകില്ലല്ലോ.? അതേ പോലെ തന്നെ പെണ്ണ് കാണാൻ പോകുമ്പോഴും.
പെണ്ണ് കാണാൻ വരുന്നവരുടെ മുന്നിലേക്ക് അതീവ നാണത്തോടെ വരണം പെണ്ണ്. വന്നു കഴിഞ്ഞാൽ വിവാഹത്തിലേക്കുള്ള ഇന്റർവ്യൂ ആണ് അടുത്തത്. പലരുടെയും ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കണം. ഉത്തരങ്ങൾക്കെല്ലാം പാസ്സ് മാർക്ക് നേടണം.
നേടിക്കഴിഞ്ഞാൽ അറവുശാലയിലേക്ക് എടുക്കുന്നതിനായി വേറെ ചില ചോദ്യങ്ങൾ. അവിടെ പതിവ് ചോദ്യങ്ങൾ പുറത്തെടുക്കും. എടുക്കുന്ന ചോദ്യത്തിന് ഉത്തരങ്ങൾ കൊടുത്തത് ഇഷ്ടമായാൽ പിന്നെ ആഘോഷങ്ങളുടെ തുടക്കമാണ്.
ആഘോഷങ്ങളുടെ അവസാനം നട്ടെല്ല് ഒടിയാൻ ഗൃഹനാഥനും ഉണ്ടാകും.
എല്ലാം കഴിഞ്ഞ് "അങ്ങനെ ആകാമായിരുന്നു... ഇങ്ങനെ ആകാമായിരുന്നു " എന്ന ചോദ്യങ്ങൾ കാത്തു നിൽക്കുന്നുണ്ടാകും.
കല്യാണം കഴിഞ്ഞാൽ ബന്ധുക്കളുടെ വക നൂറു കുറ്റങ്ങൾ കല്യാണം നടത്തിയ കുടുംബത്തിന്. നേരിട്ട് ചെല്ലാൻ പറ്റാത്ത ഇടത്ത് ആണെങ്കിലും നേരിട്ട് തന്നെ വിളിക്കണം... എന്ന് അടുത്ത ബന്ധുക്കളും ചില അടുപ്പം കൂടിയ സുഹൃത്തുക്കളും.
ഇനി കാർഡ് കൊടുത്തു വിളിച്ചാൽ കുറ്റം, കാർഡ് കൊടുക്കാതെ വിളിച്ചാലും കുറ്റം. പെണ്ണിന് എത്ര സ്വർണ്ണം കൊടുത്തു എന്നറിയാൻ തിടുക്കം. മറ്റുള്ളവരെ സ്വർണ്ണം കാണിച്ചില്ലെങ്കിൽ കുറ്റം. ചെറുക്കന് എത്ര കിട്ടി എന്നറിയാൻ അതിലും തിടുക്കം. സ്ത്രീധനം വേണ്ടാന്ന് പറഞ്ഞാലും, കൊടുക്കരുതെന്ന് പറഞ്ഞാലും എന്റെ മോൾക്ക് ഇത്ര ധനം കൊടുത്തു എന്ന് നാട്ടുകാരെ അറിയിക്കാനും, ഞങ്ങൾക്ക് ഇത്രയും കിട്ടി എന്ന് അറിയിക്കാനും മത്സരിക്കുന്ന പൊങ്ങച്ചക്കാർ ഏറെ. ഇപ്പൊ കുറവുള്ള ഒന്ന് ഇറങ്ങാൻ നേരത്തെ പെണ്ണിന്റെ കരച്ചിൽ. അന്നൊക്കെ മൽസരമായിരുന്നു. ഒറ്റയെണ്ണം കരയാതിരിക്കില്ല. കരയാത്ത പെണ്ണിനെ കണ്ടാൽ തുറിച്ചു നോക്കും. ഹും.. അഹങ്കാരി.. അവൾക്ക് എങ്ങനെ ഇങ്ങനെ നിൽക്കാൻ പറ്റി. അവൾ ചിരിക്കുന്ന കണ്ടോ.. കാലം പോയ പോക്കേ..! അതൊക്കെ ഒരു കാലം. ഇപ്പൊ അന്യമായിയ്ക്കൊണ്ടിരിക്കുന്ന ഒരാചാരവും.
പക്ഷേ ഇന്ന് എല്ലാം സേവ് ചെയ്യുകയല്ലേ.! സേവ് ദി ഡേറ്റ്... അതിലിറങ്ങുന്നു വർണ്ണാഭമായ കാഴ്ചകൾ. കാശുള്ളവനും ഇല്ലാത്തവനും എടുക്കാതിരിക്കാൻ ഇപ്പൊ പറ്റില്ല. മിക്കതും വളരെ മനോഹരമാണ്. പക്ഷേ അതിലും ചിലർ ഒന്നേ നോക്കാൻ സമ്മതിക്കൂ.. പിന്നെ നോക്കണമെങ്കിൽ മനസിന് താങ്ങാനുള്ള ശക്തി എവിടുന്നെങ്കിലും കൊടുക്കണം. അമ്മാതിരി ഫോട്ടോ അല്ലേ എടുക്കുന്നത്.!
ഇതൊക്കെ പോട്ടെ. എല്ലാം കഴിഞ്ഞ് വിവാഹിതരായവരുടെ ജീവിതം സുഖമാണോ എന്ന് അന്വേഷിക്കാൻ ആർക്കും സമയമില്ല. മക്കളുടെ വിഷമങ്ങൾ 'കുടുംബത്തിന്റെ അഭിമാനം' എന്ന ഒറ്റക്കാരണം മൂലം നാട്ടുകാർ അറിയാതിരിക്കാനായി.....
(തുടരും...)
✍️ഷൈനി
Very good welcome
ReplyDelete🥰🥰
Deleteകല്യാണപ്പെണ്ണിനെ കണ്ടു ഇഷ്ടമായി ചെറുക്കനെ കൂടി കാണിക്കാമായിരുന്നു
ReplyDelete😂🥰
DeleteExactly true 😂😂😂 with beautiful pictures 😍😍😍😍😍😍 thank you for your valuable pic
ReplyDeleteവിവാഹം കഴിഞ്ഞു ജീവിതം സുഖമാണോ എന്ന് തിരക്കില്ല രണ്ട് മാസം കഴിഞ്ഞാൽ വിശേഷം ഒന്നും ആയില്ലേ എന്ന് തിരക്കും 🤪🤪🤪
ReplyDelete