അന്ധവിശ്വാസി

നൂറിൽ തൊണ്ണൂറ്റി ഒൻപതു ശതമാനം ആൾക്കാരും മനസ്സിന്റെ വിഷമം മാറാൻ ഏതെങ്കിലും ഒന്നിൽ വിശ്വസിക്കുന്നുണ്ട്. പരസ്യമായ രഹസ്യമാണത്. ഒരു കൂട്ടർ ദൈവത്തിലും മറ്റൊരു കൂട്ടർ ലഹരിയിലും. ഇതിൽ ഒന്നും പോരാഞ്ഞിട്ട് ചിലർ മന്ത്രവാദത്തിലും ആൾ ദൈവത്തിലും വിശ്വസിക്കുന്നു.

പലരെയും പോലെ ജീവിതമാകുന്ന ഈ നാടകത്തിലെ ഒരുപിടി ദുഃഖങ്ങൾക്കിടയിലാണ് ഞാനും. മനസ്സിനൊരു ശാന്തത കിട്ടാൻ വേണ്ടി ആരെയും ശല്യം ചെയ്യാതെ മൗനമായി ഏതെങ്കിലും മൂലയിൽ ഇരുന്ന് ഞാനും പ്രാർത്ഥിക്കാറുണ്ട്. പ്രാർത്ഥന എന്ന് പറഞ്ഞാൽ മനസ്സിലെ ഭാരം ഒന്നിറക്കി വെക്കാൻ പറ്റിയ ഇടമാണ് എനിക്ക്. എന്റെ വിഷമം ആരോ കേൾക്കുന്നു എന്നൊരു തോന്നൽ ഉണ്ടാകും. പകരം ഒരു നല്ല കേൾവിക്കാരെ തേടി പോയാൽ കിട്ടില്ല. അഥവാ കിട്ടിയാൽ തന്നെ മുഴുവനും കേൾക്കാനുള്ള മനസും അവർക്ക് ഉണ്ടാകില്ല. അതവരുടെ തെറ്റല്ല. മരണം വരെ ഏതെങ്കിലും രീതിയിൽ ദുഃഖങ്ങൾ വന്നു കൊണ്ടിരിക്കും എല്ലാവർക്കും. അതിനെ നേരിട്ടേ പറ്റൂ. ഏതു ദൈവത്തിലും വിശ്വസിച്ചിട്ടും കാര്യമില്ല.  അനുഭവിക്കാനുള്ളത് അനുഭവിച്ചേ തീരൂ. 

ദൈവം തന്നെ ഒരു അന്ധവിശ്വാസമാണെന്ന് പറയുന്ന നിരീശ്വരവാദികളോട് എനിക്കൊന്നേ പറയാനുള്ളൂ. ദൈവം എന്നത് ഒരു അന്ധവിശ്വാസമായിക്കോട്ടെ. പക്ഷേ ആ അന്ധവിശ്വാസവും പലരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

ഒരിക്കൽ ഒരു കുടുംബത്തിലെ സ്നേഹനിധിയായ ഗൃഹനാഥൻ ഈ ഭൂമിയിൽ നിന്ന് പെട്ടെന്ന് പോയി. മൂന്നു ചെറിയ കുട്ടികളെയും കൂടെ കുറേ കടങ്ങളുമായി അദ്ദേഹത്തിന്റെ സഹധർമ്മിണി തീരാ ദുഃഖത്തിലേക്കും വീണു. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ജീവിതത്തിൽ എല്ലാം തനിച്ച് ചെയ്യണമെന്ന് അറിഞ്ഞു അവർ. ചുറ്റിനും കുറ്റപ്പെടുത്താൻ മാത്രം പൊങ്ങുന്ന ബന്ധുക്കളുടെ നാവുകൾ. പക്ഷേ തളർന്നില്ല. തന്റെ മക്കളെയും കൊണ്ട് അവർ ജീവിതത്തിൽ പൊരുതി വിജയിച്ചു.
അവരുടെ മനസ്സിന്റെ ഏകാശ്വാസം ഈ ഈശ്വരവിശ്വാസമായിരുന്നു. മനസ്സിന് ഒരു ബലം വേണം. അതിനാൽ ഈ വിശ്വാസം നല്ലതല്ലേ.? പകരം സമാധാനം കിട്ടാനായി പല ആണുങ്ങളെയും പോലെ അവരും മദ്യത്തെ തേടി പോയിരുന്നെങ്കിലോ? എന്തായിരിക്കും ആ അവസ്ഥ!?  ഇതിലെ കുടുംബനാഥൻ എന്റെ അച്ഛനും ആ സഹധർമ്മിണി എന്റെ അമ്മയുമാണ്.

പക്ഷേ പറയാതെ വയ്യ. ഇന്നുള്ള പല സ്ത്രീകളും മദ്യം കഴിക്കുന്നുണ്ട്. അത് സത്യം തന്നെയാണ്. എന്നിട്ട് അവർ എന്തു നേടുന്നു.? അവരുടെ ദുഃഖത്തെ മറികടക്കാൻ പറ്റുന്നുണ്ടോ? പകരം ആരോഗ്യമുള്ള ശരീരം ബലി കൊടുക്കുന്നു. 

എനിക്കറിയാവുന്ന പല നിരീശ്വരവാദികളും മദ്യത്തിന് അടിമകളാണ്. എന്തിന് കുടിച്ചു നശിക്കുന്നു എന്ന് ചോദിക്കുമ്പോൾ ദുഃഖങ്ങൾ മറക്കാൻ ആണെന്ന് അവർ പറയും. എന്നിട്ട് ദുഃഖങ്ങൾ മറക്കാൻ പറ്റുന്നുണ്ടോ? എവിടന്ന്? കൂടുതൽ ഓർക്കുന്നതല്ലാതെ.! കൂടെ അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന കുടുംബങ്ങൾക്കും അവർ തീരാദുഃഖമല്ലേ കൊടുക്കുന്നത്.?

പിന്നെ ഈശ്വരവിശ്വാസം. ദുഃഖങ്ങൾ മാറുമെന്ന് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു. അതിന് അമ്പലത്തിലോ പള്ളിയിലോ പോകുന്നവരും പോകാത്തവരുണ്ട്. ചിലർ വീട്ടിൽ എവിടെയെങ്കിലും മൗനമായിട്ട് ആർക്കും ഒരു ശല്യം ഇല്ലാതെ പ്രാർത്ഥിക്കും. അവരെ എന്തിന് പരിഹസിക്കുന്നു? തന്റെ ദുഃഖങ്ങൾ കേൾക്കാൻ ഒരു കേൾവിക്കാർ ഇല്ലാത്ത ഒരുപാട് പേരുണ്ട്. അവർ ഇത്തരം പ്രാർത്ഥനയിലൂടെ തന്റെ ദുഃഖങ്ങൾ ഇറക്കി വയ്ക്കുന്നു. ഇത്തരം പ്രാർത്ഥന അവരുടെ കൂടെ നിൽക്കുന്നവരെ ശല്യം ചെയ്യുന്നുണ്ടോ? മറ്റുള്ളവരുടെ ഉറക്കവും സമാധാനവും കെടുത്തുന്നുണ്ടോ?  മദ്യപിച്ചു ബോധമില്ലാതെ വന്നു കേറുന്ന ഒരാളുടെ വീട്ടിലെ സമാധാനം എത്രത്തോളം ഉണ്ടെന്ന് എല്ലാവർക്കും അറിയാം.

ഇനി ഈശ്വര വിശ്വാസികളോട്..
നിരീശ്വരവാദികളോട് എന്തിനാണ് ഇത്ര ദേഷ്യം? പുറമേ കൊണ്ടും അകമേ കൊണ്ടും ഈശ്വരനെ വിളിച്ചില്ലെങ്കിലും എന്താണ് പ്രശ്നം? അയാളുടെ പ്രവർത്തികൾ നന്മ ആണെങ്കിൽ അതുതന്നെ ഒരു പ്രാർത്ഥനയല്ലേ? ദൈവത്തെ കാണാൻ കഴിയുന്ന പല ഈശ്വരവിശ്വാസികൾക്കും കൺമുന്നിലുള്ള മനുഷ്യനെ കാണാൻ കഴിയുന്നില്ല. 

എന്റെ മോൻ ചെറുതായിരുന്നപ്പോൾ അവനെ ഞാൻ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നെല്ലാം പഠിപ്പിച്ചു കൊടുത്തു. അതെന്റെ അറിവില്ലായ്മ ആയിരുന്നോ? അല്ല.. ഞാൻ ശീലിച്ചതും എന്നെ ശീലിപ്പിച്ചതും ആണ് എന്റെ മോന് ഞാൻ പകർന്നു കൊടുത്തത്. സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞ പോലെ അത് തെറ്റാണെന്ന് ഇപ്പൊ എനിക്ക് മനസിലായി. വർഷങ്ങൾ കഴിഞ്ഞപ്പോൾ അവന് സ്വന്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള കഴിവ് വന്നത് ഞാൻ അറിഞ്ഞു. അവൻ ചോദിക്കുന്ന പല ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം കൊടുക്കാനില്ല. അവൻ ചോദിക്കുന്ന ചോദ്യങ്ങൾ എല്ലാം ന്യായമാണ്. ഇപ്പോൾ അവനെ പ്രാർത്ഥനയ്ക്ക് ഞാൻ നിർബന്ധിക്കാറില്ല.  അതിന്റെ ആവശ്യം ഇല്ല. അവൻ പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും എനിക്കതിൽ വിഷമം ഇല്ല. 

പക്ഷെ എപ്പോഴും " നീ നല്ലൊരു മനുഷ്യൻ ആവണമെന്ന് " പറഞ്ഞ് അവനെ ഞാൻ നിർബന്ധിക്കാറുണ്ട്. എന്റെ മോൻ നല്ലൊരു ഈശ്വരവിശ്വാസിയോ നല്ലൊരു നിരീശ്വരവാദിയോ ആകുന്നതിൽ എനിക്ക് അഭിമാനം ഇല്ല. അവനൊരു നല്ല മനുഷ്യനാകുന്നതിൽ ആണ് എന്റെ അഭിമാനം. 

ഈശ്വരവിശ്വാസികളും നിരീശ്വരവാദികളും തമ്മിലുള്ള തർക്കങ്ങൾ ഒരിക്കലും അവസാനിക്കില്ല.  അവർ പരസ്പരം തർക്കിച്ചോട്ടെ. പക്ഷേ, ഈ രണ്ടു കൂട്ടരിലും നല്ലൊരു മനുഷ്യൻ ഉണ്ടാകണം. എന്ത് തന്നെയായാലും എന്റെ ഈശ്വരവിശ്വാസികളായ സുഹൃത്തുക്കളോടും നിരീശ്വരവാദികളായ സുഹൃത്തുക്കളോടും എനിക്ക് എന്നും സ്നേഹം മാത്രം.

✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )