വരും വരാതിരിക്കില്ല



(ഭാഗം 1)

" എങ്ങോട്ടോ യാത്ര പോകാനുള്ള തയ്യാറെടുപ്പിലാണല്ലോ "

"അതേ..  പോണം "

"എങ്ങോട്ടാ.....?"

"ഒരാളെ കാണാനാ "

" പോകുന്ന സ്ഥലത്തിന് പേരില്ലേ? "

" ഉണ്ട്. ഹിമാലയം"

"ഹ ഹ ഹ.... ഹിമാലയത്തിലെ ഏത് ഫ്രണ്ടിനെ കാണാനാണ് പോകുന്നത്?"

" അതേന്നേ ... എനിക്ക് അവിടെ പരിചയക്കാർ ഉണ്ട്."

"ഓഹോ... അപ്പോ ഈ പരിചയക്കാരൊക്കെ വിളിച്ചാൽ ഉടനെ വരുമോ?"

"വരും "

"എങ്ങനെ?"

"അത് ഞാൻ പറയാതെ അറിഞ്ഞൂടെ?"

"ഇല്ല.. അറിയില്ലന്നേ... അറിയാത്തതു കൊണ്ടല്ലേ ചോദിച്ചത്. "

" എന്നാ കേട്ടോ... അവർക്ക് വേണ്ടി പ്രത്യേകം ഇറക്കിയിരിക്കുന്ന ഒരു സമ്പ്രദായമാണ് തപസ്സ്. എല്ലാവർക്കും വെവ്വേറെ തപസ്സുകൾ ആണ്. അതിനായി പ്രത്യേകം മന്ത്രങ്ങളുണ്ട്. "

" ഇതൊക്കെ നടക്കുന്ന കാര്യമാണോ?! ഹ ഹ ഹ.... "

" നടക്കും. നടക്കണമല്ലോ.. അങ്ങനെ എന്തെങ്കിലുമുണ്ടോ എന്ന് അറിയണമല്ലോ.... പണ്ട് ആയിരം വർഷം കൊടും തപസ്സ് ചെയ്തു എന്നൊക്കെ പറഞ്ഞവരെ പോലെ ഞാനും ഒരു കൈ നോക്കട്ടെ. അവരെ പോലെ  പതിനായിരം വർഷത്തെ ആയുസ്സൊന്നും എനിക്കില്ല. അവർ ആയിരം ദിനം എടുക്കാൻ ഒന്നിന്റെ കൂടെ മൂന്ന് പൂജ്യം ചേറുത്തു. ഞാൻ ഒന്നിന്റെ കൂടെ ഒന്നും ചേർക്കുന്നില്ല. എണ്ണിച്ചുട്ടപ്പം പോലെ കിട്ടിയ ആയുസ്സിൽ ഒന്ന് തന്നെ ഉണ്ടോ എന്ന് അറിയില്ല. ഉള്ളത് വെച്ച് സംതൃപ്തിപ്പെട്ടു വന്നാൽ ഉപകാരമായി. ശ്ശോ! സംസാരിച്ചു നിൽക്കാനായി സമയം എന്റെ കയ്യിൽ തീരെയില്ല. പോയിട്ട് വന്നിട്ട് ബാക്കി പറയാം. എന്നാ ശരി... "

" ഇത് എന്തുതരം വട്ടാണോ എന്തോ! പോയിട്ട് വാ!"

അങ്ങനെ ജാനകി ഹിമാലയത്തിലേക്ക് യാത്രയായി. യാത്രയിൽ അല്ലറ ചില്ലറ പ്രശ്നങ്ങൾ ഉണ്ടായത് ഒഴിച്ചാൽ വലിയ കുഴപ്പമില്ലാതെ അവൾ ആഗ്രഹിച്ച  സ്ഥലത്ത് എത്തി.

തപസ്സ് ചെയ്യാൻ പറ്റിയ  സ്ഥലം തിരഞ്ഞെടുത്തു. അവളുടെ ഒരു ദിവസത്തെ തപസ്സ് ആരംഭിച്ചു. തപസ്സു കണ്ട് ആരും നടുങ്ങിയില്ല. പക്ഷേ ഇടയ്ക്ക് അവൾ നടുങ്ങി. അവളുടെ അടുത്ത് മുഖം തെളിയാത്ത ഒരു ദിവ്യ രൂപം പ്രത്യക്ഷപ്പെട്ടു.

"ഇതെന്താ പ്രാർത്ഥിച്ചു തുടങ്ങിയതേയുള്ളൂ...  തീരുന്നതിനു മുൻപു തന്നെ ഇങ്ങ് വന്നല്ലോ! അതെന്താ...
ആരെങ്കിലും  വന്ന് തപസ്സു ചെയ്യാൻ കാത്തിരുന്നത് പോലെയുണ്ടല്ലോ!?"

"നീ കൂടുതലൊന്നും ഇങ്ങോട്ട് ചോദിക്കേണ്ട. ആവശ്യമുള്ളത് മാത്രം പറഞ്ഞാൽ മതി."

"ഓ.... എന്നാ അങ്ങനെയാവട്ടെ.
അതേ... എന്റെ ദൈവത്തിനോട് ഞാൻ വളച്ചു കെട്ടാതെ നേരെ തന്നെ പറയാം. പക്ഷേ ചോദിച്ചത് തരില്ല എന്ന് പറയുമോ? എന്നാ ഞാൻ ചോദിക്കില്ല."

" എന്റെ കൊച്ചേ... വേഗം പറയൂ എനിക്ക് നിന്റെ കാര്യം മാത്രം നോക്കിയാൽ പോരാ.. "

" അതെന്താ? ഞാൻ കേട്ടിട്ടുള്ളത് ഒരേ സമയം പലരുടെയും അല്ല എല്ലാവരുടെയും കാര്യങ്ങൾ നോക്കാൻ കഴിവുള്ളയാളല്ലേ? എന്നിട്ട് ഇപ്പൊ എന്താ ഇത്ര ധൃതി?

ഞാൻ എങ്ങനെയാ പെട്ടെന്ന് പറയുന്നത്? ചോദിക്കാനുള്ളത് എഴുതിക്കൊണ്ടു വന്നിട്ടില്ല. അപ്പോ കുറച്ച് സമയമെടുക്കും . "

" എന്റെ പൊന്നു കൊച്ചേ.... ഒന്ന് പറയാമോ? "

"വിഷമിക്കണ്ട.. പറയാം. അതേ... രണ്ടു മൂന്നു കാര്യമുണ്ട്. നടത്തി തരണം. അതേയുള്ളൂ ഇനി മാർഗ്ഗം. അതുകൊണ്ട്, ദയവായി ക്ഷമയോടെ കേൾക്കണേ..."

"ഓഹോ...! നീ എന്നെ പരീക്ഷിക്കുന്നോ?"

"അയ്യോ... അതെന്താ അങ്ങനെ പറഞ്ഞത്? ഈ കൊടും തണുപ്പിലും ഭയങ്കര ചൂടാണല്ലോ?"

"പിന്നെ ക്ഷമയോടെ കേൾക്കണമെന്ന് പറഞ്ഞതോ? അതാ പറഞ്ഞത്.. എന്റെ ക്ഷമയെ പരീക്ഷിക്കരുത്."

"എന്റെ പൊന്നു ദൈവമേ ഞാനൊന്നു പറഞ്ഞോട്ടെ... മനുഷ്യർക്കും ഈ സ്വഭാവം ആണ്. ഒരു കാര്യം പറയാൻ സമ്മതിക്കില്ല. ഇടയ്ക്ക് കേറി സംസാരിക്കും. പ്ലീസ്... ഇനി ഞാൻ പറഞ്ഞോട്ടെ..."

"ഉം... പറയൂ..."

"നന്ദി ദൈവമേ..."

"ഇപ്പോഴേ നന്ദി പറയണ്ട.. ചോദിക്കുന്ന വരം തന്നതിന് ശേഷം എല്ലാം കൂടി ഒരുമിച്ചിങ്ങ് തന്നാൽ മതി. നീ പറയൂ.. നിന്റ ആവശ്യം എന്താണെന്ന്."

" ആണോ....? എന്നാ ശരി ഞാൻ പറയാം. ഭഗവാനെ... ഒന്നും തോന്നരുത്. അത്രയ്ക്ക് വിഷമമുണ്ട്. ഇതല്ലാതെ വേറെ വഴിയില്ല. സഹായിക്കണം. ഇത്രയും നാൾ ഉണ്ടായിരുന്ന ചില കാര്യങ്ങൾക്ക് ഒരു മാറ്റം അത്യാവശ്യമാണ്. എങ്ങും എവിടെയും പീഡനങ്ങൾ മാത്രം. ഞാൻ നോക്കിയിട്ട് ഇതേ ഉള്ളൂ ഒരു മാർഗ്ഗം. ഞാൻ ഓരോന്ന് ആയിട്ട് പറയാം. പറ്റുമെങ്കിൽ.... അല്ല... ചെയ്തു തരണം. ഞാൻ ചോദിക്കുന്ന വരം. "

" നീ കരയാതെ പറയൂ കുട്ടി. "

" ആൺ പെൺ വ്യത്യാസമില്ലാതെ പീഡനങ്ങൾക്ക് ഇരയാവുന്നവരെയാണ് എന്നും വാർത്തകളിൽ കാണുന്നത്. ഇന്ന് ജനിച്ചവർ മുതൽ ഷഷ്ടിപൂർത്തി കഴിഞ്ഞവർ വരെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നു. ആർക്കും ആരെയും ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുന്നില്ല.

മക്കളെ പൊന്നു പോലെ വളർത്തും. വലുതായി കഴിയുമ്പോൾ അവരുടെ കൈയാൽ മരണത്തിന് കീഴടങ്ങുന്ന മാതാപിതാക്കളുടെ നാടായി മാറിയിരിക്കുന്നു ഇവിടം. കുഞ്ഞുങ്ങളെ വളർത്താൻ താല്പര്യമില്ലാത്തവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുന്നു. എന്നിട്ട് ആ കുഞ്ഞുങ്ങളെ ഒഴിവാക്കാൻ പല മാർഗങ്ങൾ തേടുന്നു. അവരെ എവിടെയെങ്കിലും പോയി ജീവിക്കാൻ അനുവദിക്കാതെ, അവരുടെ ജീവൻ പോലും ബാക്കി വെയ്ക്കുന്നില്ല. 

സ്വന്തം മകൾ ആണെന്ന് അറിഞ്ഞിട്ടും പീഡിപ്പിക്കുന്ന അച്ഛൻമാർ, മകളെ മറ്റുള്ളവർക്ക് കൂട്ടിക്കൊടുക്കുന്ന അമ്മമാർ, വിദ്യ അഭ്യസിക്കുന്ന ഗുരുക്കന്മാർ അവരുടെ സ്ഥാനം മറന്ന് കുട്ടികളെ പീഡനത്തിന് ഇരയാക്കുന്നു. അങ്ങനെ മാതാ പിതാ ഗുരു എന്ന വാക്ക്...

വെറും വാക്കായി ചുരുങ്ങുന്നു.

സഹോദരങ്ങളായി വന്നവർ സ്വത്തിനു വേണ്ടി പരസ്പരം ശത്രുക്കളായി പിരിയുന്നു. സൗഹൃദത്തിന്റെ പേരിൽ പല തെറ്റുകളും പലയിടത്തും അരങ്ങേറുന്നു.

മടുത്തു.. ഇതെല്ലാം കേട്ടും കണ്ടും മടുത്തു. ഇതിനൊരു അവസാനം വേണം ഭഗവാനെ!

ഉടനെ തന്നെ വേണം. വൈകരുത് "


തുടരും.. 
✍️ഷൈനി.

Comments

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )