വരും.. വരാതിരിക്കില്ല ( ഭാഗം 4)
(ഭാഗം 4)
"അങ്ങനെയാണെങ്കിൽ കല്യാണം കഴിച്ചവർ ഗർഭിണിയായാൽ?"
" അവിടെ കുറച്ച് ഇളവുണ്ട്."
" എന്ത് ഇളവ്? "
" ദമ്പതികൾ ഒരു പോലെ ഒരു കുഞ്ഞിനു വേണ്ടി ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... എങ്കിൽ,
ഭാര്യ ഗർഭിണിയായ നാൾ തൊട്ട് അവളെ സംരക്ഷിക്കുന്നു.... എങ്കിൽ,
ആത്മാർത്ഥമായി ആ കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്ന ആളാണ്... എങ്കിൽ...
പ്രസവ വേദന സ്ത്രീക്ക് കൊടുക്കുന്നതിൽ തെറ്റില്ല.
പക്ഷേ...
പ്രസവവേദന മുഴുവനും സ്ത്രീക്ക് കൊടുക്കണ്ട. പകുതി വേദന ഭർത്താവിനും കൊടുക്കുന്നത് നല്ല തന്നെയാ. "
" അതെന്തിനാ?!"
" ഇല്ലെങ്കിൽ ഇവർ വിശ്വസിക്കില്ല. കാരണം പ്രസവ വേദന ആണുങ്ങൾക്ക് കണ്ടതും കേട്ടതും ആണ്. അനുഭവം അവർക്ക് ഇല്ലല്ലോ. അവർക്കും ആ അനുഭവം ഉണ്ടാകണം. "
" എന്നാലും വേണോ? "
" വേണം വേണം.. ആണിനെ പ്രസവിക്കുന്നതും സ്ത്രീ അല്ലേ? അവരുടെ അമ്മ അനുഭവിച്ച വേദന അവരും കുറച്ച് അറിയണം. അന്നേരം ആ അമ്മയോട് കുറച്ചു കൂടുതൽ സ്നേഹം അവർക്ക് തോന്നട്ടെ. "
" അതു കൊള്ളാം. "
"ഞാൻ പറഞ്ഞില്ലേ... ചില ഗുണങ്ങൾ ഉണ്ടെന്ന്. ദൈവത്തിന് ഒന്നും അറിഞ്ഞു കൂടാ. അങ്ങേയ്ക്ക് ഞാൻ എല്ലാം പറഞ്ഞു തരാം."
" ങ്ങേ...! എനിക്കൊന്നും അറിയില്ലെങ്കിൽ പിന്നെ നീ എന്തിനാ എന്നെ തേടി വന്നത്?"
" അയ്യോ.... ഭഗവാനേ... ചൂടാവല്ലേ.. നല്ലൊരു മഴ പെയ്യാനുള്ള ചാൻസ് ഉണ്ട്. അതിനു മുന്നേ എനിക്ക് പറയാനുള്ളത് ഞാൻ പറയട്ടെ."
" നീ പറഞ്ഞോ. പക്ഷേ വേറെയും പ്രശ്നമുണ്ടല്ലോ? പ്രസവ വേദന ഇത്രയും നാളും ആർക്കും വിട്ടു കൊടുക്കാതെ അനുഭവിക്കുന്ന സ്ത്രീകളിൽ ഇല്ലേ... സ്വന്തം അമ്മയെ സ്നേഹിക്കാത്തവർ? അപ്പോ അവരേയോ? "
" ആരു പറഞ്ഞു അവരെ വെറുതെ വിടണം എന്ന്?"
" എന്നാ വേഗം പറ അതിനുള്ള ശിക്ഷ എന്താണെന്ന്."
" എന്നാ കേട്ടോ.. ആ അമ്മയ്ക്ക് ഉണ്ടാകുന്ന എല്ലാ ശാരീരികവും മാനസികവുമായ എല്ലാ വേദനകളും മകൾക്കും കൊടുക്കണം. അതു മാത്രമല്ല അവളുടെ ജനനം മുതൽ അമ്മ അവൾക്ക് വേണ്ടി അനുഭവിച്ച എല്ലാ ബുദ്ധിമുട്ടുകളും ഒരു വീഡിയോ കാണുന്നതു പോലെ എന്നും അവളുടെ സ്വപ്നത്തിൽ ഉണ്ടാകണം."
" കഴിഞ്ഞോ?"
"ഇല്ല... അമ്മമാരെ സ്നേഹിക്കാത്ത... അവരെ സംരക്ഷിക്കാത്ത മക്കൾ, അവരുടെ അമ്മയെക്കാളും പ്രായം കൂടിയവർ ആകണം. അതായത് അമ്മയെക്കാളും മക്കളുടെ മുഖത്ത് പ്രായത്തിന്റെ ചുളിവുകൾ വേണം. കറുത്ത മുടികൾ എല്ലാം വെള്ളയും ആകണം."
" അത് അത്രയ്ക്ക് വലിയ ശിക്ഷയാണോ?"
" അത് പലർക്കും കടുത്ത ശിക്ഷയാണ്. എത്രത്തോളം ചെറുപ്പമാകാൻ പറ്റും എന്ന് ചിന്തിക്കുന്നവരുടെ നാടാണ്. അതിൽ നിങ്ങളും മോശക്കാർ അല്ലല്ലോ!?"
" ങ്ങേ... എന്താ? "
" എന്താ... ഞാൻ പറഞ്ഞത് ശരിയല്ലേ? പണ്ട് പാലാഴി എന്തിനാ കടഞ്ഞത്? ഞങ്ങൾക്കൊന്നും മനസ്സിലാകില്ലെന്ന് വിചാരിച്ചോ? ഈ കാണുന്ന സൗന്ദര്യമെല്ലാം അതല്ലേ? അന്ന് പാലാഴി കടഞ്ഞില്ലായിരുന്നെങ്കിൽ ഈ കാണുന്ന സൗന്ദര്യത്തിൽ എനിക്ക് ഭഗവാനെ കാണാൻ കഴിയുമായിരുന്നോ? "
" നീ എന്തൊക്കെയാ ഈ പറയുന്നത്? "
" എന്താ ശരിയല്ലേ? പക്ഷേ അതിൽ ഒരു പ്രവർത്തി എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. മനുഷ്യരുടെ ചില കൊള്ളില്ലാത്ത സ്വഭാവങ്ങൾ നിങ്ങൾ ദേവന്മാർക്കും ഉണ്ട്. അതുകൊണ്ടാണല്ലോ... പാലാഴി കടയാൻ സഹായിച്ച അസുരന്മാരെ ചതിക്കാൻ നിങ്ങൾക്ക് കഴിഞ്ഞത്. "
" എന്താന്ന്? "
" അതെ... നിങ്ങൾ ദേവന്മാർ ചെയ്ത തെറ്റുകളെല്ലാം അപ്പാടെ അനുസരിക്കുന്നവരാണ് മനുഷ്യരിൽ ഭൂരിഭാഗവും. ഭഗവാന് അറിയാമോ? ആരെന്ത് ചെയ്യുന്നുവോ... അത് ശരിയാണോ തെറ്റാണോ എന്ന് നോക്കാതെ അപ്പാടെ വിഴുങ്ങുന്നവർ ആണ് ഞങ്ങളുടെ സമൂഹത്തിൽ ഉള്ളവർ. "
" എന്തിനാ ഞങ്ങളെ നോക്കി നിങ്ങൾ ഇങ്ങനെ ഇരിക്കുന്നത്? തലയ്ക്ക് അകത്തിരിക്കുന്ന ആ തലച്ചോറ് വല്ലപ്പോഴും ഉപയോഗിക്കണം. "
" ദേ... ഭഗവാനെ... ഇങ്ങനെയൊന്നും പറയരുത് കേട്ടോ. നിങ്ങളിൽ തന്നെ അതിബുദ്ധിയുള്ള ഒരാൾ ഇല്ലേ? അധികാര മോഹം കൂടിയിട്ട് മണ്ടത്തരം കാണിക്കാൻ യാതൊരു മടിയുമില്ലാത്ത ദേവേന്ദ്രൻ. മറന്നു പോയോ? "
" ഓ.... അതോ? അതെല്ലാം അന്നല്ലേ. ഇപ്പോ ഞങ്ങൾക്കെല്ലാവർക്കും ആവശ്യത്തിന് വിവരമുണ്ട്. "
" അതെന്താ എല്ലാവരുടെയും കയ്യിൽ ഇപ്പോൾ ഫോൺ ഉണ്ടോ? "
" ഈ കൊച്ച് എന്താ ഈ പറയുന്നത്? "
" അല്ല... വേറൊന്നുമല്ല. ഞങ്ങൾ മനുഷ്യർ ഇപ്പോൾ സംശയങ്ങളെല്ലാം ചോദിക്കുന്നത് ഗൂഗിളിനോട് ആണ്. അയാളോട് ചോദിക്കണമെങ്കിൽ കുറഞ്ഞത് ഒരു ചെറിയ സ്മാർട്ട് ഫോൺ എങ്കിലും കയ്യിൽ വേണം. "
" അത് നിങ്ങൾ നിങ്ങളുടെ തലച്ചോർ ഉപയോഗിച്ച് ഉണ്ടാക്കിയതല്ലേ? ഞങ്ങൾക്ക് ഇതൊന്നും വേണ്ട. "
" വേണ്ടെങ്കിൽ വേണ്ട. ഭഗവാനേ.. അതേ.. പിന്നെ.. ഞാൻ... വരം ചോദിക്കാനാ വന്നത്. നമ്മൾ വിഷയത്തിൽ നിന്നും വഴുതി മാറുന്നു. എനിക്ക് ചാനൽ ചർച്ചയിൽ പങ്കെടുക്കാൻ തീരെ താല്പര്യമില്ല."
" എന്നാ ശരി. നീ ബാക്കി പറഞ്ഞോളൂ. "
" പറയാൻ ഉദ്ദേശിച്ചത് ഇതാണ് - അവരവർ ചെയ്യുന്ന തെറ്റ് എന്ത് തന്നെയാണെങ്കിലും അത് അവർ തിരുത്താൻ തയ്യാറാകണം. "
" ഓ അങ്ങനെ ആവട്ടെ. ഇനി അടുത്ത നമ്പർ കേൾക്കട്ടെ. "
" സന്തോഷം. എന്റെ മൂന്നാമത്തെ ആവശ്യം - വളരെ വിശേഷപ്പെട്ടതാണ്. മരങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം കൊടുക്കുക. "
" അവർ സഞ്ചരിക്കുന്നുണ്ടല്ലോ."
" അതോ... അത് അവർ വെള്ളം തേടി അവരുടെ വേര് മാത്രം സഞ്ചരിക്കുന്നതല്ലേ. അതല്ല ഞാൻ ഉദ്ദേശിച്ചത്. "
" പിന്നെ...? "
" അവർക്ക് അവരുടെ ശരീരം മുഴുവനായിട്ടും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകാൻ കഴിയണം. നടക്കാൻ മാത്രമല്ല നല്ല വേഗത്തിൽ ഓടാനും കഴിയണം. "
" ങ്ങേ...ഓടുന്ന മരങ്ങളോ.! എനിക്കറിയാമേലാത്തത് കൊണ്ട് ചോദിക്കുവാ... മുഴുത്ത വട്ടാണല്ലേ?!"
(തുടരും...)
✍️ഷൈനി
👌👋👍
ReplyDeleteExactly true... Loveable.. article... Nice to see Appachiii....
ReplyDelete