എനിക്ക് നഷ്ടവും നിനക്ക് ഉപദേശവും


(ഇത് കഥയല്ല.. ഇന്നലെ (1- 12- 2022) നടന്നത്)


"അമ്മേ... ഇന്ന് ടീച്ചർക്ക് പൈസ കൊടുക്കാൻ പറ്റിയില്ല ."

" അതെന്താ? "

" ബാഗിൽ പൈസ നോക്കിയപ്പോൾ കിട്ടിയില്ല."

" എന്തോന്ന്..? രാവിലെ നിന്റെ ബാഗിൽ ഞാൻ കണ്ടതാണല്ലോ?!"

" ആണോ അമ്മ കണ്ടതാണോ?!"

" കൊച്ചേ... നീ ആ ബാഗിൽ മര്യാദയ്ക്ക് നോക്കിക്കേ. അതിനകത്ത് ഉണ്ടാകും."

" ഇല്ല അമ്മേ ബാഗ് സ്കൂളിൽ വച്ച് നോക്കിയതാ... കണ്ടില്ല. "

 "എന്നാ താഴെ വീണു പോയിട്ടുണ്ടാകും."

 "അവിടെയെല്ലാം നോക്കി കണ്ടില്ല."

 "എന്നാ ആരോ എടുത്തിട്ടുണ്ട്. ടീച്ചറോട് പറഞ്ഞേ പറ്റൂ."

 കുറച്ചു കഴിഞ്ഞ്..

 "കണ്ണാ ഞാൻ ടീച്ചറോട് പറഞ്ഞിട്ടുണ്ട്."

 "അവനെ ഞാൻ.... ആരായാലും നല്ല തല്ലു കൊടുക്കണം."

 "കണ്ണാ അങ്ങനെ പറയരുത്."

 "പിന്നെ തെറ്റ് ചെയ്താൽ ശിക്ഷ വേണ്ടേ.?"

 "വേണം, പക്ഷേ ഇവിടെ ഇപ്പോൾ വേണ്ട."

 "ങേ..! അതെന്താ അമ്മയെന്താ ഈ പറയുന്നത്?"

 "വിച്ചൂ...മോനെ... നിന്നെപ്പോലെ ഒരു കുട്ടിയാണ് ഈ പൈസ എടുത്തത്. അവനോ അവളോ ആകാം. ആരായാലും നമ്മളോ നിന്റെ ടീച്ചറോ സ്കൂളിലെ കുട്ടികളോ ഇപ്പോൾ ആ കുട്ടിയെ തിരിച്ചറിയരുത്."

 "എന്നുവെച്ചാൽ?"

 "കാരണം, ആ കുട്ടിയെ ഇന്ന് തിരിച്ചറിഞ്ഞാൽ.. എന്റെ മോൻ കാരണം ഒരു കുട്ടിയുടെ ഭാവി ഇല്ലാതാകും. വൈരാഗ്യം കൊണ്ട് ഒരു തികഞ്ഞ കള്ളൻ അവിടെ പിറക്കാം."

 "അമ്മ എന്തൊക്കെയായീ പറയുന്നത്?"

" ഒരിക്കൽ കള്ളനെന്നോ കള്ളിയെന്നോ പേര് വീണാൽ ആ പേര് ജീവിതകാലം മുഴുവൻ പലപ്പോഴും അവരെ പിന്തുടരും. ഇന്നിപ്പോ ആ കുട്ടിക്ക് പറ്റിയ ഒരു അബദ്ധം ആയിരിക്കും. നാളെ ഈ തെറ്റ് ആ കുട്ടി ഉപേക്ഷിച്ചാലും കിട്ടിയ ഈ പേരിൽ നിന്നും മോചനം ഉണ്ടാവില്ല."

 "അമ്മേ അത് പിന്നെ..."

 "ഒരു കുറ്റവാളിക്ക് പിറവി കൊടുക്കാൻ നമ്മൾ കാരണം ആകരുത്. നമുക്ക് ഈ നഷ്ടം മറക്കാം. നല്ല കഴിവുള്ള ആ കുട്ടിയുടെ നിരപരാധികളായ അച്ഛനെയും അമ്മയും ഓർക്കണം. അവർക്ക് ആ കുട്ടിയിൽ ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്. ആ സ്വപ്നങ്ങൾ തച്ചുടക്കരുത്. നമുക്ക് ഫീസ് പിന്നെ ആണെങ്കിലും കൊടുക്കാം. നഷ്ടപ്പെട്ടു പോയ ഒരുവന്റെ ഭാവി തിരികെ കൊടുക്കാൻ നമുക്ക് കഴിയില്ല."

"ഉം.."

 "എന്നാൽ ഈ സംഭവം സ്കൂളിൽ മറ്റു കുട്ടികളും അറിയണം. കാരണം അവരും പൈസ ഇതുപോലെ ഫീസ് കൊടുക്കാൻ കൊണ്ടുവരും. ആ പണം നഷ്ടമാകാതെ ഇരിക്കാൻ ഇത് അറിയണം. അപ്പൊ പണം നഷ്ടപ്പെടാതെയിരിക്കാൻ എല്ലാവരും ശ്രദ്ധിക്കും. അന്നേരം ആ കുട്ടിക്ക് ഇതുപോലെ ചെയ്യാനുള്ള അവസരം ഇല്ലാതാകും. ഒരു കുറ്റവാളിയുടെ ജനനം കൊണ്ട് അവനും സമൂഹത്തിനും നഷ്ടങ്ങൾ അല്ലാതെ ഒരു പ്രയോജനവുമില്ല ."

 "ശരിയാ അമ്മേ.."

 "നീ വിഷമിക്കണ്ട ഞാൻ ടീച്ചറുടെ കയ്യിൽ ഫീസ് കൊടുത്തോളാം. പക്ഷേ നിന്റെ അശ്രദ്ധ കുറച്ചേക്കണം കേട്ടോ."

"ഉം.."
✍️ഷൈനി

 

Comments

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )