അപ്പോ ഇവിടെയും അതാണ് !(കഥ)


"എസ്ക്യൂസ് മി....താങ്കൾ ആരാണാവോ?"

"ഞാനോ? ഞാൻ ദൈവം."

" ഓഹോ അപ്പൊ താങ്കളാണ് ദൈവം."

" എന്താ ഇപ്പോ? "

"അല്ല... അത് പിന്നെ."

"മരിച്ചവർക്ക് ഇവിടെ ഈ ചുറ്റുവട്ടത്ത് എന്താ കാര്യം? ഇത് പൊതുവഴിയല്ല. എന്താന്ന്? ചോദിച്ചത് കേട്ടില്ലേ?"

" ഇതാര് വെൺമേഘങ്ങൾക്കിടയിലൂടെ തേരിറങ്ങി വന്ന ദേവനോ? അങ്ങനെ പറയണമെങ്കിലേ... ഞാൻ വീണ്ടും മരിക്കണം. ഇതേതോ പടക്കശാലയിലെ അപകടത്തിൽ നിന്നും ഇറങ്ങിയോടിയ ആളെ പോലുണ്ട്. "

" എടീ... നീ.. ഞാൻ പറഞ്ഞത് സത്യമാണ്. ഞാനാണ് ദൈവം. എന്റെ കോലം ഇതല്ലായിരുന്നു. നീയൊക്കെ കൂടി ഇങ്ങനെ ആക്കിയതാ."

"ഞങ്ങളോ? ഞങ്ങളൊന്നുമല്ല. സ്വന്തം കയ്യിലിരിപ്പ് കാരണമാ."

"അതെങ്ങനെ?"

"ദേ... ഇങ്ങോട്ട് നോക്കിയേ, എന്നെ കണ്ടിട്ട് എന്ത് തോന്നുന്നു?"

" ചങ്ങലയ്ക്കിടാൻ തോന്നുന്നുണ്ട്. "

"ഓ...എന്നാ ഇപ്പൊ അങ്ങനെ ഇടണ്ട. ഒരു കാര്യം പറയുമ്പോഴാണോ തമാശ.?"

"എന്നാ ശരി പറയൂ..."

" എന്നെ കണ്ടാൽ ഒരു മനുഷ്യനാണെന്ന് പറയുമല്ലോ അല്ലേ?"

" വേണമെങ്കിൽ പറയാം. പക്ഷേ നീ ഇപ്പോൾ പ്രേതമാണ്."

"ഹൊ! എന്റെ ഭൂതമൊന്ന് ആലോചിക്കു."

"ഹ്ങ്ങാ... ഇപ്പൊ ഭൂതമാ."

" എന്റെ ദൈവമേ..!"

" പറഞ്ഞോളൂ പറഞ്ഞോളൂ."

" ഞങ്ങൾ മനുഷ്യർക്ക് ഒന്നിൽ കൂടുതൽ പേരുകൾ ഉണ്ടാകും. ഉദാഹരണത്തിന് വീട്ടിൽ ഒരു പേരും, സ്കൂളിൽ വേറെ പേരും. പക്ഷേ എത്ര പേരുണ്ടായാലും ഞങ്ങൾക്ക് രൂപം ഒന്നേയുള്ളൂ. അതുകൊണ്ടാണല്ലോ ദിലീപും ഗോപാലകൃഷ്ണനും ഒരാളാണെന്ന് മനസ്സിലാകുന്നത്."

"അതിന്?"

"അല്ലയീ നിൽക്കുന്ന ദൈവത്തിന് എത്ര പേരുണ്ടെന്ന് അറിയോ? അത് ഉണ്ടായിക്കോട്ടെ, സാരമില്ല. പക്ഷേ രൂപങ്ങൾ എത്രയുണ്ടെന്ന് അറിയുമോ? എന്നിട്ട് പറയും ദൈവം ഒന്നാണെന്ന്."

" അതിനിപ്പെന്താ?"

"ഈ വാക്ക് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ! അത് തന്നെ എന്റെ അമ്മയുടെ വാക്ക്! എപ്പോഴും അമ്മ പറയുന്ന വാക്ക്."

" ഈ വാക്കിനെന്താ കുഴപ്പം? "

"എന്താ കുഴപ്പമെന്നോ? ഉദാഹരണത്തിന്, ഗ്യാസ് ഓഫ് ചെയ്യാൻ അമ്മ മിക്കപ്പോഴും മറന്നു പോകും. അത് കാണുന്ന ഞാൻ ഇനിയും ആവർത്തിക്കാതിരിക്കാനായി അമ്മയോട് മറന്നുപോയ കാര്യം പറഞ്ഞാൽ അമ്മ ഉടനെ പറയുന്ന വാക്കാണ് 'അതിനിപ്പെന്താ? ' അത് കേൾക്കുന്ന ഞാനാരായി? ആ ചോദ്യമാണ് ഇവിടെയിപ്പോ വന്നത്."

" വന്നതു വന്നു. ബാക്കി പറയൂ."

" ഭൂമിയിലെ ഓരോ രാജ്യത്തിലേയും മുക്കിലും മൂലയിലും ഓരോ വ്യത്യസ്ത മതങ്ങളും, ദൈവത്തിന്റെ ഒരുപാട് വ്യത്യസ്തമായ മുഖങ്ങളും, പിന്നെ കുറേ ചവറു പോലെ ആചാരങ്ങളും....."

" അതിന് ഞാനെന്തു ചെയ്തു? "

" ഭൂമിയെ പണിതിട്ട്, ഭൂമിയുടെ അവിടെയും ഇവിടെയും ചെന്ന് നിന്ന് ഞാൻ കൃഷ്ണനാണ്, ഞാൻ നബിയാണ്, ഞാൻ യേശുവാണ്, ഞാൻ അതാണ് ഇതാണ്.... എന്നൊക്കെ പറഞ്ഞിട്ട്, അതെല്ലാം അപ്പാടെ വിഴുങ്ങിയ കുറെ മതഭ്രാന്തന്മാർ എന്തൊക്കെയാ കാണിച്ചു കൂട്ടുന്നതെന്ന് അങ്ങേയ്ക്ക് വല്ല ബോധവുമുണ്ടോ?
 ജീവിക്കാൻ ഓക്സിജനും ദാഹത്തിന് വെള്ളവും വേണമെന്ന് എല്ലാവർക്കും ഒരുപോലെ അറിയാം. അത് എല്ലാവരും സമ്മതിക്കും.
 പക്ഷേ അങ്ങയുടെ കാര്യത്തിൽ പല അഭിപ്രായങ്ങളാണ്. ആ അഭിപ്രായങ്ങളും അതിൽ ഉറച്ചുപോയ അമിതമായ വിശ്വാസങ്ങളുമാണ് അവിടെ ഭൂമിയിലെ മനുഷ്യർക്കിടയിലെ വഴക്കുകൾക്ക് പ്രധാന കാരണം. ഇനി അത് മാറാനും പോകുന്നില്ല. ഈ ഭൂമി നശിക്കുന്ന കാലം വരെ അത് നിലനിൽക്കും. "

" ഇനിയിപ്പോ എന്ത് ചെയ്യാൻ പറ്റും? "

" അതെ ഈ ചോദ്യം അവിടെ മനുഷ്യരും പഠിച്ചു വെച്ചിരിക്കുന്നു. ഒന്നും ആലോചിക്കാതെ എല്ലാം ചെയ്തു വെച്ചിട്ട് അവസാനം ഈ ചോദ്യം ഓരോ മുഖത്തും എടുത്തു വയ്ക്കും.!"

" ഇനി നീ ഒന്ന് ഇടത്തോട്ടു നോക്കിയെ.... ആ വഴി അവസാനിക്കുന്നിടത്ത് നിനക്ക് കയറിച്ചെല്ലാം."

"അവിടെ എന്താണ്?"

"ഒരു പാഠശാലയാണ്."

"ങ്ങേ.. ഇവിടെയും! അവിടെ എവിടെ തിരിഞ്ഞാലും അതുമാത്രം. എന്നാലോ അവിടുന്ന് ഇറങ്ങുന്ന 90% പേർക്കും വകതിരിവ് തീരെയില്ലാതാനും. ഇവിടെ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാമോ?"

" പേടിക്കണ്ട ഞാനാണ് അവിടത്തെ വാധ്യാര്. "

"ഹ.. ഹ... ഈ വാധ്യാർക്ക് പറ്റിയ ഒരു തെറ്റല്ലേ ഞാൻ നേരത്തെ പറഞ്ഞത്. അത് തിരുത്താൻ പറ്റുന്നുണ്ടോ? ഇല്ലല്ലോ? അപ്പോൾ ഈ പഠനം കൊണ്ട് എന്താണ് ഉദ്ദേശം?"

" ഭൂമിയിലെ തെറ്റുകൾ ആവർത്തിക്കാതിരിക്കാനാണ്."

" വരുന്ന എല്ലാവർക്കും ഇവിടെ അഡ്മിഷൻ കിട്ടുമോ?"

" ഇല്ല ഉടനെ കിട്ടില്ല. കുറച്ചു കൂടിയ ഇനങ്ങൾ വരുമ്പോൾ, അവർക്കുള്ള സദ്യവട്ടങ്ങൾ എല്ലാം കൊടുത്തിട്ടേ ഇങ്ങോട്ട് കൊണ്ടുവരൂ. ശരി ഇനി സംസാരിക്കേണ്ട. അങ്ങോട്ട് പൊയ്ക്കോളൂ."

" ആയിക്കോട്ടെ. യ്യോ... ഒന്ന് നിൽക്കണേ. ഒരു കാര്യം ചോദിക്കാൻ വിട്ടുപോയി."

" എന്താ? ചോദിക്കൂ."

" ദൈവമേ എനിക്ക് ഒരു ചെറിയ സംശയം, അല്ല അറിയാനുള്ള ആഗ്രഹം."

"വളച്ചു കെട്ടില്ലാതെ കാര്യം പറയൂ."

"അത് പിന്നെ.. ദൈവം എന്നു പറയുന്ന അങ്ങയെ സൃഷ്ടിച്ചത് ആരാണ്?"

"ഹ്ങ്ങേ..! കൂടുതലൊന്നും നീ അറിയേണ്ട. പോയി ക്ലാസ്സിലിരുന്ന് പഠിക്കാൻ നോക്ക്. അടുത്ത പരീക്ഷയ്ക്ക് മുഴുവൻ മാർക്കും നേടാൻ കഴിയണം."

"ഹൊ! ഇവിടെയും പരീക്ഷയോ? ജീവിതത്തിലും അല്ലാതെയും പരീക്ഷകൾ നേരിട്ട് പോരാടി അവസാനം സഹികെട്ടു ഇങ്ങോട്ട് വന്നപ്പോൾ ഇവിടെയും! അപ്പൊ ചത്താലും സ്വസ്ഥതയില്ലെന്ന് ചുരുക്കം!"

✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )