പകരം (കഥ )

എൺപത്തിയേഴു കാലഘട്ടത്തിലെ ഒരു സ്കൂൾ അവധിക്കാലം.

" ഈ പിള്ളേര് എവിടെപ്പോയി കിടക്കുന്നു? ഒറ്റയെണ്ണം സമയത്തിന് വീട്ടിൽ കയറില്ല. വിളക്ക് വയ്ക്കേണ്ട നേരമായി. ഇങ്ങ് വരട്ടെ. "

അതെ സമയം കായൽക്കരയിൽ.

" എടാ അച്ഛൻ വരാറായി കൂടെ നല്ല മഴയും. വാ വേഗം വാ പോകാം. "

" ചേച്ചി പൊയ്ക്കോ ഞങ്ങള് കുറച്ചൂടെ കഴിഞ്ഞിട്ട് വരാം. പോ ചേച്ചി. "

" എടാ അമ്മ വഴക്കു പറയും. നീ വേഗം വരുന്നുണ്ടോ? നീ ആ മഴക്കാറ് കണ്ടോ? ഇപ്പൊ പെയ്യും. "

" ഇപ്പോൾ നല്ല വെട്ടം ഉണ്ടല്ലോ പിന്നെന്താ? അല്ലെങ്കിൽ അക്കരയിൽ നിന്നും വരുന്ന മഴയെയും കണ്ടിട്ട് പോകാം."

"അപ്പോൾ നനയില്ലേ?"

" അടുത്ത് വരുമ്പോഴേക്കും നമുക്ക് ഓടാം. എന്നിട്ട് മഴയ്ക്ക് മുന്നേ വീട്ടിലെത്താം. "

" തമാശ പറയാതെ ഇങ്ങോട്ട് വരുന്നുണ്ടോ ചെറുക്കാ.? "

" എന്തൂട്ടാ ചേച്ചി നിങ്ങള് തമ്മിൽ ?"

" എടാ രമേശാ.. നീ വീട്ടിൽ ഇപ്പോൾ പോകുന്നുണ്ടോ? "

"പിന്നെ പോകാതെ... ന്റെ അച്ഛൻ വരാറായിട്ടോ. ഇങ്ങട് വാടാ... നമുക്കേ... നാളെ കളിക്കാം."

"നാളെ നീ വരുമോ?"

" വിനൂ... അതിന് നിന്നെ ഇനി അമ്മ വിട്ടാൽ അല്ലേ."

" എന്തുട്ടായീ പറയണേ? അവനെ ഇനി വിടില്യേ?"

" ആടാ വിടില്ല."

" അതിനിപ്പം ന്തിണ്ടായേ? "

" അപ്പോ  നിനക്കൊന്നും മനസ്സിലായില്ലേ?"

" ഇല്ല്യ. "

"എന്നാ കേട്ടോ. ഇവനൊരുത്തൻ കാരണം ഇന്നെനിക്ക് ചൂരൽ കഷായം ഉറപ്പാണ്. കൂടെ ഇനി എന്നെയും ഇവനെയും കളിക്കാൻ വിടില്ല അമ്മ."

"ഉവ്വോ!?"

" ആണെടാ ചെറുക്കാ. "

"ന്നാ ടാ... നീ വേഗന്ന് പോ. ഇല്ലെങ്കിൽ ഈ അവധിയിൽ നിന്റെയൊപ്പം  കളിക്കാനുള്ള ഭാഗ്യവും എനിക്ക് പോകും."

" എന്നാ ഞാൻ പോട്ടെ."

" ടാ... നീ നാളെ വരുമോ? വരണേ..... "

" ഹ്ങ്ങാ...  വരാം."

" ടാ നീ ഒരു കാര്യം എനിക്ക് വേണ്ടി ചെയ്യുമോ? "

"ചേച്ചി പറ."

" പറയും പനയും ഒന്നും നീ എടുക്കണ്ട. പകരം എനിക്ക് കിട്ടുന്ന അടിയുടെ പാതി നീ വാങ്ങിക്കണം. "

" ചേച്ചീ...."

" അതെന്താ നിന്നെക്കാളും രണ്ടു വയസ്സിന് മൂപ്പല്ലേയുള്ളൂ എനിക്ക്. ഒരേ കുറ്റത്തിന് ഒരാൾക്ക് മാത്രം ശിക്ഷ!."

" എനിക്ക് അടി കിട്ടാത്തതു കൊണ്ട് ചേച്ചിക്ക് അസൂയയാണ്. "

" പോടാ.... ഇനി ഞാൻ നിന്റെ കൂടെ വരില്ല. "

"വേണ്ട ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം."

"ഓ കേറി വരുന്നുണ്ട് രണ്ടു മാക്രികൾ."

" നിക്കടാ അവിടെ  ടീ... "

" അയ്യോ.... അമ്മേ... ആ.... അടിക്കല്ലേ അമ്മേ... ഇവനോട് ഞാൻ പറഞ്ഞതാ. അമ്മ തല്ലും വേഗം വരാൻ. പറഞ്ഞിട്ട് കേട്ടില്ല. ആ... യ്യോ.... മ്മേ.... വേണ്ടമ്മേ.."

" രണ്ടെണ്ണത്തിനെയും ഞാൻ ഇപ്പോൾ ശരിയാക്കും."

"രണ്ടെണ്ണത്തിന് എന്ന് പറഞ്ഞിട്ട് എനിക്ക് മാത്രമാണല്ലോ തരുന്നത്.! അമ്മേ... മതിയമ്മേ..."

" നീ മൂത്തകുട്ടിയല്ലേ? അവനെ നേർവഴിക്കു നടത്തേണ്ടത് നിന്റെ ചുമതലയാണ്. ഇനി ഇത് ആവർത്തിച്ചാലുണ്ടല്ലോ? അത് അന്നേരം ആവട്ടെ."

" അമ്മേ ഇനി താമസിച്ചു വരൂലാ.... സത്യം."

"എന്നാ നിനക്ക് കൊള്ളാം. വിളക്ക് വയ്ക്കുന്നതിനു മുന്നേ വീട്ടിൽ കയറണമെന്ന് പറഞ്ഞിട്ടില്ലേ?"

" ഞാൻ അവനോട് പറഞ്ഞതാമ്മേ. ആ പൊട്ടൻ കേൾക്കണ്ടേ."

" മതി മതി പോയി കുളിച്ചിട്ട് വന്നു നാമം ചൊല്ലൂ."

" ചേച്ചീ... സോറി."

"പോടാ... "

അവൾ അന്ന് ഒരു തീരുമാനത്തിലെത്തി. ഇനി കളിക്കാൻ പോകുന്നില്ല പ്രത്യേകിച്ച് പൊന്നാങ്ങളയുടെ കൂടെ.

പിറ്റേന്ന് അതിരാവിലെ
" പിള്ളേരേ... എടി ശാന്തേ... എഴുന്നേറ്റേ... വേഗം ആകട്ടെ. "

" സ്കൂൾ അടച്ചിരിക്കുകയല്ലേ. എന്തിനാ ഇത്ര നേരത്തെ എഴുന്നേൽക്കണേ?!"

" അതല്ലെടി പെണ്ണേ... ഒന്നെഴുന്നേൽക്കൂ."

"ശ്ശോ.. അമ്മേ... എനിക്ക് ഉറങ്ങണം. യ്യോ... അടിക്കല്ലേ അമ്മേ..."

"ഇപ്പൊ പോയാൽ ആ കൊട്ട നിറയെ നമുക്ക് കിട്ടും. ഇല്ലെങ്കിൽ നാട്ടുകാര് കൊണ്ടു പോകും."

"എന്ത്?!"

" എടി പെണ്ണേ ഇന്നലെ രാത്രി ഇടിയും മഴയും ഉണ്ടായപ്പോഴേ ഞാൻ വിചാരിച്ചതാ, ഇന്ന് കൂൺ കറി വെച്ച് കഴിക്കാമെന്ന്. "

"ങ്ങേ... എന്താന്ന്!!"

"ശ്ശോ.... എടീ ആ തെക്കേലെ പറമ്പ് നിറച്ച് കൂൺ പൊങ്ങി വന്നു."

"ങ്ങേ... എപ്പോ...? ആണോ!!

" വർത്തമാനം പിന്നെ പറയാം. എന്റെ മോള് വാ ഇല്ലെങ്കില്‍. "

"ആ ഞാൻ വരാം."

" എടാ ചെറുക്കാ എഴുന്നേറ്റെ. "

" ഇനിയിപ്പോ അവനെ വിളിക്കണ്ട. അവൻ എഴുന്നേറ്റ് വരുമ്പോഴേക്കും ഒന്നും അവിടെ ഉണ്ടാവില്ല."

" എന്നാ അമ്മ നടന്നോ. "

" എടി പെണ്ണേ നീയും കൂടി ഒരു കോട്ട എടുത്തേക്ക്. നോക്കി നിൽക്കാതെ വേഗം വരണേ."

"ദാ.. വരുന്നൂ.."

ശാന്തയും അവളുടെ അമ്മയും കൂടി വേഗം പറമ്പിൽ എത്തി വന്ന അതിഥികളെ പൊക്കാൻ. ശാന്തയേയും അവളുടെ അമ്മയേയും കൂണുകൾ കണ്ട് പേടിച്ചു.
" ഇവര് നമ്മളെ കറി വയ്ക്കുന്നതിനു മുന്നേ കഴിക്കുമോ?!"

" അമ്മ ആ ഒറ്റത്തു നിന്ന് തുടങ്ങിക്കോ ഞാൻ ഈ അറ്റത്തും തുടങ്ങാം."

" എന്നാ വേഗമാകട്ടെ. "

ആവേശത്തോടെ കൂണുകളെ പറിച്ച്  അവർ കുട്ടയിലാക്കി.

" അമ്മേ ഈ കൊട്ട നിറഞ്ഞു. അതും നിറഞ്ഞല്ലോ. നമുക്ക് പോകാം."

"എന്നാ പോകാം. നമുക്ക് ആവശ്യത്തിനുള്ളത് കിട്ടി. ബാക്കി ഇനി വരുന്നവർ എടുത്തോട്ടെ. "

" ഇപ്പോഴാണോ നാട്ടുകാർക്കും വേണമെന്ന് അമ്മയ്ക്ക് തോന്നിയത്.? "

" എല്ലാവരും ഇങ്ങനൊക്കെ തന്നെയാ. നീ ഇങ്ങോട്ട് വാ ഇല്ലെങ്കിൽ കിഴക്കേലെ ജയ കണ്ടാൽ ഈ കൊട്ടയിൽ നിന്നും കൊടുക്കേണ്ടിവരും. നമ്മൾ കഷ്ടപ്പെട്ടത് വെറുതെയാകും. അവർക്ക് വേണമെങ്കിൽ നേരത്തെ എഴുന്നേറ്റു പോയി എടുക്കട്ടെ."

അപ്പോഴേക്കും നേരം നന്നായി വെളുത്തു. കൂൺ കിട്ടിയ സന്തോഷത്തിൽ ശാന്തിയുടെ അമ്മ അടുക്കളയിൽ ആഘോഷം തുടങ്ങി. തലേ ദിവസത്തെ മഴയിൽ മുറ്റം നിറയെ ഇലകളും മറ്റും കിടക്കുന്നു. ശാന്ത അവിടെയെല്ലാം ചൂല് കൊണ്ട് മുറ്റത്ത് അലങ്കാരപ്പണികൾ ചെയ്യുന്നു. അത് കണ്ടുകൊണ്ട് അവളുടെ അനിയൻ വിനുക്കുട്ടൻ മുറ്റത്ത് പല്ലുതേക്കാൻ ഇറങ്ങി.

" എടാ ചെറുക്കാ നീ എന്താ ഈ കാണിക്കുന്നത്? ഒരു സ്ഥലത്ത് ഉറച്ചുനിന്ന് പല്ലു തേച്ചൂടെ? "

" അതിന് ചേച്ചിക്കെന്താ? "

" ഞാൻ വൃത്തിയായി തൂത്തെടുത്ത സ്ഥലത്തെല്ലാം നീ തുപ്പി വൃത്തികേട് ആക്കിയാൽ, നിനക്ക്‌ എന്റെ കയ്യിൽ നിന്നും നല്ലത് കിട്ടും."

" പോടീ ചേച്ചി.. "

" അമ്മേ.... ഇത് കണ്ടോ? "

" ഈ പിള്ളേര് ഏത് സമയവും... ശ്ശോ അവൻ ചെറുതല്ലേ. നീ ഒന്നു മിണ്ടാതിരിക്കൂ. തൂത്ത് കഴിഞ്ഞെങ്കിൽ ഇങ്ങുവാ നീ. ആ പാത്രങ്ങൾ കഴുകിയെടുത്തേ. "

"ഹൊ! നടു നിവർത്തുന്നതിന് മുന്നേ അടുത്തതോ? നിനക്കിട്ട് ഞാൻ വെച്ചിട്ടുണ്ടെടാ."

" അയ്യേ...  ചേച്ചി നാണിച്ചു പോയേ. "

"പോടാ.."

പാത്രം കഴുകുന്നതിനിടയിൽ അവളുടെ ചിന്ത പറക്കാൻ തുടങ്ങി.

" അല്ലേലും ഈ വീട്ടിൽ എനിക്ക് ഒരു വിലയുമില്ല. "

കുറച്ചു കഴിഞ്ഞപ്പോൾ ശാന്തയുടെയും വിനുക്കുട്ടന്റെയും കൂട്ടുകാർ അവരെ കളിക്കാനായി വീട്ടിൽ വിളിക്കാൻ വന്നു.

" നിങ്ങൾ വരുന്നില്ലേ കളിക്കാൻ.?  അതേയ്.....  ജയ ചേച്ചിയുടെ പറമ്പിൽ നിറയെ മാങ്ങ കിടക്കുന്നുണ്ട്. "

"ങ്ങേ.. മാങ്ങയോ?"

" അതേടാ ഇന്നലെ രാത്രി ഭയങ്കര കാറ്റും മഴയും ആയിരുന്നു. നീ അറിഞ്ഞില്ലേ? "

" എനിക്ക് തോന്നി മുറ്റത്ത് ഇറങ്ങിയപ്പോൾ. "

"ജയ ചേച്ചി ആ അപ്പുവിനെ പറഞ്ഞു വിട്ടു നമ്മളെ വിളിക്കാൻ. കുറെ മാങ്ങ അവർ എടുത്തു വച്ചിട്ടുണ്ട്. ആ പറമ്പിൽ വീണ്ടും കുറെ കിടപ്പുണ്ട്. "

"ആഹാ.. ഞങ്ങൾ ഇപ്പം വരാട്ടോ. ചേച്ചി വേഗം വാ നമുക്ക് മാങ്ങയെടുക്കാൻ പോകാം. "

" ഞാൻ വരുന്നില്ല നീ പൊയ്ക്കോ. "

" ചേച്ചീ.. '

" ഇല്ല വരുന്നില്ല. പറഞ്ഞാൽ കേൾക്കാത്ത നിന്റെ കൂടെ ഞാൻ വരുന്നില്ല. "

" ശാന്തേ... നീ പോയിട്ട് വാ. ആ കൊട്ടയും
കൂടി എടുത്തോ. "

" അമ്മയ്ക്ക് ഒന്നും തോന്നുന്നില്ലേ? എങ്ങനെ ഇങ്ങനെയാകാൻ കഴിയുന്നു?"

"നീയെന്താ പറയുന്നത്?"

"ഇതെന്താ നേരത്തെ കൂണിന്റെ കാര്യത്തിലുള്ള  അമ്മയുടെ അഭിപ്രായം ഇതിൽ മാറിയോ? അവർക്ക് കൂൺ കൊടുക്കാൻ കഴിയില്ല, പക്ഷേ അവിടുത്തെ മാങ്ങ പോയി എടുക്കാം ല്ലേ..!?"

"ഓ അതിനെന്താ? അവര് പറിച്ചിട്ടത് അല്ലല്ലോ. മഴയത്ത് താനെ വീണ മാങ്ങയല്ലേ.?"

" ഞാൻ പോകുന്നില്ല. എന്നെക്കൊണ്ട് കഴിയില്ല. അമ്മ വേണമെങ്കിൽ പൊയ്ക്കോ."

" എന്നാ നീ ഒരു കാര്യം ചെയ്യ്. കറിവെച്ച കൂൺ കുറച്ചു ജയയ്ക്കു കൊണ്ടു കൊടുക്കൂ. 'പകരം' മാങ്ങയെടുക്കാൻ മറക്കണ്ട.

✍️ഷൈനി

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )