വനിതാദിന ആശംസകൾ



 പണ്ട് എന്റെ കുട്ടിക്കാലം,  സ്കൂൾ വെക്കേഷൻ ആയാൽ പിന്നെ അടങ്ങിയിരിക്കില്ല. പലതരം കളികളുമായി ഞാൻ എന്റെ കൂട്ടുകാരുമായി തകർക്കും.

ഈ തകർക്കുന്ന സമയത്ത് അച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ, എന്റെ ഉറക്കെയുള്ള ചിരി കേട്ടാൽ അച്ഛൻ : "ഷൈനിയേ…."

 ആ വിളിയോട് കൂടി എന്റെ ചിരി പുറകോട്ട് പോകും. ചിരിക്ക് ഒരു പരിധിയിൽ അപ്പുറത്തേക്ക് ഒച്ച വരാൻ പാടില്ല. അടക്കവും ഒതുക്കവും ഉള്ളവർ അങ്ങനെയാണത്രേ! മറ്റുള്ളവർ മോശമായി കരുതും മനസ്സ് തുറന്നു ഒന്ന് ഉറക്കെ ചിരിച്ചാൽ!

 അന്ന് ഞാൻ ആഗ്രഹിച്ചിരുന്നു ഏതെങ്കിലും മലയുടെ വിജനമായ മണ്ടയിലോ, ആരുമില്ലാത്ത കടൽതീരത്തോ ഒറ്റയ്ക്ക് പോയി ഒന്നുറക്കെ മനസ്സുനിറഞ്ഞു ചിരിക്കാനായി.

 എന്നാൽ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരോടും മിണ്ടണമെന്ന് അച്ഛൻ ഉപദേശിക്കുകയും ചെയ്യും. ആണും പെണ്ണും തമ്മിലുള്ള സൗഹൃദത്തെ മോശമായി കാണുന്നവരെ അച്ഛന് തീരെ ഇഷ്ടമല്ലായിരുന്നു. അങ്ങനെയുള്ളവരെ അച്ഛൻ വഴക്ക് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്റെ അച്ഛനെ സ്നേഹിക്കാൻ രക്തബന്ധമില്ലാത്ത ഒരുപാട് പെങ്ങമ്മാരും അനിയന്മാരും ചേട്ടന്മാരും അമ്മമാരും അച്ഛന്മാരും ഉണ്ടായിരുന്നു.

  പണം കൊണ്ട് പറ്റുന്ന പോലെയും, അതിനേക്കാൾ സ്വന്തം ശരീരം കൊണ്ട് മറ്റുള്ളവരെ സഹായിച്ച എന്റെ അച്ഛന് ആയുസ്സ് മാത്രം കൂടുതൽ കൊടുത്തില്ല. പക്ഷേ അവരുടെ എല്ലാം മനസ്സിൽ ഇപ്പോഴും എന്റെ അച്ഛനുണ്ടെന്ന് എനിക്കുറപ്പാണ്.

 എന്നാലും അച്ഛാ…. ഞാനൊന്ന് ഉറക്കെ ചിരിച്ചാൽ എന്താണ് പ്രശ്നം? മൂന്നിലും നാലിലും മറ്റും പഠിച്ചിരുന്ന എന്റെ യഥാർത്ഥ ചിരി അച്ഛൻ കേട്ടിട്ടുണ്ടോ?

 ഇവിടെ ഈ ഭൂമിയിൽ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും മനസ്സ് തുറന്ന് ചിരിക്കാൻ കഴിയട്ടെ.

✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )