മാറിയല്ലോ (കഥ)
"യ്യോ.... ഇത് കേരളമല്ലേ? മാറിപ്പോയോ? ദേ... വടക്കുംനാഥൻ...! ദോ.... ലുലു മാള്..! ഇല്ല. മാറിയിട്ടില്ല. എന്തോ കുഴപ്പമുണ്ടല്ലോ!"
" ഹലോ..... ആരാ? എവിടുന്നാ?"
" ഞാനിവിടത്തുകാരനാ. കുറച്ചു നാൾ ആമസോൺ കാടുകളിൽ ഒന്ന് തപസ്സ് ചെയ്യാൻ പോയതാ."
" എന്നിട്ട്, പോയിട്ട് വല്ലതും കിട്ടിയോ? "
" ഓ.. ഒന്നും കിട്ടിയില്ല. ഇനി ആ പരിസരത്തേക്ക് ചെല്ലരുതെന്നാ പറഞ്ഞിരിക്കുന്നത്. "
"അതെന്താ?"
" നൂറു വർഷം കഴിഞ്ഞാലും തീരാത്തത്ര പ്രശ്നങ്ങൾ പുള്ളിയുടെ കയ്യിൽ ഉണ്ടെന്ന്. അതെല്ലാം നോക്കി കുറച്ചെങ്കിലും പരിഹാരം കണ്ടു വരുമ്പോഴേക്കും എന്റെ രണ്ടു ജന്മമെങ്കിലും വേണ്ടി വരുമെന്ന്. പിന്നെ അവിടെ വായി നോക്കി നിന്നാൽ ഏതെങ്കിലും കാട്ടുവാസികളുടെ നേതാവാകേണ്ടി വരും എന്നതിനാൽ തിരിച്ചു പോന്നു."
" ഇപ്പോ വന്നത് നന്നായി. ഒരു വേക്കൻസി ഉണ്ട്. "
" എന്താ വേക്കൻസിയോ?!"
" അതെ ഇവിടെ കഴിയാനായ്. നിനക്ക് ഇവിടെ ജീവിക്കണോ? അങ്ങനെയാണെങ്കിൽ ഇവിടത്തെ നിയമങ്ങൾ പാലിക്കണം. ഇല്ലെങ്കിൽ ആ കണ്ണും മൂക്കും നാക്കും ചെവിയും പിഴുതെടുക്കും."
" എന്നാപ്പിന്നെ കഴുത്തങ്ങ് വെട്ടിയെടുത്താൽ പോരെ. എല്ലാം ചൂഴ്ന്നെടുക്കാനുള്ള സമയം വെറുതെ കളയണോ? "
" നല്ല കൂടിയ നാക്കാണല്ലോ..! തൽക്കാലം ആ മതിലിനകത്ത് കിടക്കട്ടെ."
" ഇങ്ങനെയൊക്കെ പറയാൻ താനാരാ? "
" ഞാൻ ഈ കേരളം പിടിച്ചെടുത്ത ആൾ."
" കേരളം പിടിച്ചെടുത്തെന്നോ?! എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ. ആകെ ഒരു പുകമറ."
" അതുതന്നെയാ കാര്യം. ഒരു പുക വന്നതിന്റെ കുഴപ്പത്തിൽ, ദേവലോകത്ത് നിന്ന് ദേവന്ദ്രൻ എന്നെ ഇവിടേക്ക് പറഞ്ഞു വിട്ടു. "
" ദേവേന്ദ്രൻ പറഞ്ഞുവിട്ടെന്നോ? "
"അതേ... ദേവേന്ദ്രന് പരശുരാമന്റെ കത്ത് ഉണ്ടായിരുന്നു. അങ്ങേരുടെ കൈപ്പിഴയിൽ ഉണ്ടായിപ്പോയ ഈ പാവയ്ക്ക നാടിന്റെ നിയന്ത്രണം എന്നെ ഏൽപ്പിക്കണമെന്ന്, പറഞ്ഞൊരു ശുപാർശ കത്ത്. ഞാൻ കിട്ടിയ പാടെ ഇങ്ങു പോന്നു. വന്നപ്പോൾ എവിടെ തുടങ്ങണമെന്നും, എങ്ങനെ തുടങ്ങണമെന്നൊന്നും ഒരു ഊഹവും ഉണ്ടായിരുന്നില്ല. പക്ഷേ വൈകാതെ എല്ലാം എന്റെ നിയന്ത്രണത്തിലായി. "
" എങ്ങനെ നിയന്ത്രണത്തിൽ കൊണ്ടു വന്നു? പ്രധാനമായും ഈ രാഷ്ട്രീയ പാർട്ടികളെ?! "
" അതോ എളുപ്പമല്ലേ..."
" എന്തെളുപ്പം!?"
" അവർക്ക് വേണ്ടി ഞാൻ മുല്ലപ്പെരിയാർ ഡാമിന്റെ അടിയിൽ ഒരു മുല്ലപ്പന്തൽ ഇട്ടു. എന്നിട്ട് എല്ലാത്തിനെയും അവിടെ കൊണ്ട് ചെന്നിട്ടു. ഇവറ്റകൾ അവിടെയിരുന്ന് സ്വപ്നയെയും സരിതയെയും കുറിച്ച് വാതോരാതെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് തല്ലുകൊടുത്ത് അങ്ങ് തീരട്ടെയെന്ന് വിചാരിച്ചു. പക്ഷേ ഡാം കണ്ണുരുട്ടുന്നത് കൊണ്ട് കയ്യാങ്കളിയിൽ എത്തുന്നില്ല."
" അതിരിക്കട്ടെ.. അതിൽ ഒരാൾ എന്താ മണ്ഡപത്തിൽ ഒറ്റയ്ക്കിരുന്ന് പിറുപിറുക്കുന്നത്? "
" അതറിയില്ലേ അങ്ങേര് പ്രാർത്ഥിക്കുകയാ. അവിശ്വാസികളുടെ നാശത്തിനായി ഭഗവാനോട് മരണം വരെ പ്രാർത്ഥിക്കണമെന്നും, വെറുതെയിരുന്ന് പ്രാർത്ഥിച്ചാൽ മാത്രം പോരാ.. "
"പിന്നേ..!?"
" അങ്ങേര് പ്രാർത്ഥിച്ചു നേടുന്ന പുണ്യം ഒട്ടും കളയാതെ മുഴുവനും എടുക്കുകയും ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്."
" എന്നിട്ട് ബാക്കി പറ... "
" പറ എടുത്തു കൊണ്ടിരുന്നവർ ഇപ്പോൾ കാട്ടിൽ കൂടി ഓടി നടക്കുന്നുണ്ട്. ബാക്കിയുള്ളതൊക്കെ നീ തനിയെ അറിഞ്ഞാൽ മതി. എനിക്ക് വേറെ പണിയുണ്ട്. "
" അല്ല.... അത് പിന്നെ... നിങ്ങടെ പേരെന്താ? "
"പോടേ.... പോടേയ്..."
✍️ഷൈനി
Keralammuzuvanumparakkate
ReplyDelete🥰🙏
Delete👍👍
ReplyDelete🥰🙏
Deleteകേരളം മാറുകയാണ്ആ
ReplyDeleteമസോൺ കാടുകളിൽ പോയി തപസ്സു ചെയ്തിട്ടും, മണ്ഡപത്തിൽ ഇരുന്നു പ്രാർത്ഥിച്ചിട്ടും..
😍🙏
Delete