ജനനി

ജനനി

ഒരു കൊച്ചു സുന്ദരിയായിരുന്നു അവൾ. ആരും ഒന്ന് നോക്കും. മുറ്റത്ത് അശയിൽ തുണി വിരിച്ചിരുന്ന എന്റെ അടുത്തേക്ക് ഓടി വന്നവളെ, ഞാൻ കൗതുകത്തോടെ നോക്കി. വാരിയെടുക്കാൻ കൈത്തരിച്ചു. പക്ഷെ എടുത്തില്ല. എടുത്താൽ ശരിയാകുമോ എന്നാലും കാന്താരി, എന്റെ ചുരിദാറിന്റെ അറ്റത്ത് പിടിച്ച് ഊഞ്ഞാലാടുന്നു. ഒപ്പം കാൽപാദത്തിൽ തോണ്ടുന്നുമുണ്ട്.

കളിച്ചിരിക്കാൻ നേരമില്ലാത്തതു കൊണ്ട് ഞാൻ തിരികെ വീട്ടിലേക്ക് കയറി. പക്ഷേ എന്റെ കൂടെ അവളും വന്നു. ഞാൻ അവൾക്ക് കഴിക്കാൻ എന്തൊക്കെയോ കൊടുത്തു. ആർത്തിയോടെ അവൾ അതെല്ലാം കഴിച്ചു. വാലിട്ടെഴുതിയ കണ്ണുള്ളവൾ പിന്നീട് എന്നെ വിട്ടു പോയില്ല.

മാസങ്ങൾ കഴിഞ്ഞപ്പോൾ പെട്ടെന്ന് അവളുടെ വയർ വീർത്തു വന്നിരിക്കുന്നു. പണ്ടത്തെപ്പോലെ കളിയൊന്നുമില്ല. എപ്പോഴും ഒരേ കിടപ്പ്. അവൾ ഇടയ്ക്ക് മുറിക്കകത്ത് സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. അവളുടെ ഉദ്ദേശം എനിക്ക് മനസ്സിലായി. അങ്ങനെ വിട്ടാൽ പറ്റില്ല, ഞാൻ ശ്രദ്ധിച്ചേ പറ്റൂ.. കാര്യം എനിക്ക് അവളെ ഒരുപാട് ഇഷ്ടം തന്നെ. എന്നോർത്ത് മുറിക്കകത്ത് അവൾക്ക് തോന്നുന്ന സ്ഥലത്ത് പോയി പ്രസവിക്കുന്നത് ശരിയാണോ? ശരിയല്ല. അവൾക്ക് വേണ്ട ഭക്ഷണം ഒക്കെ ഞാൻ കൊടുക്കും. അവളുടെ ഈ ദയനീയ അവസ്ഥ കണ്ടുനിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.

ഞാൻ വേഗം അവളെ വീടിന് വെളിയിൽ നിർത്തി വാതിലടച്ചു. പെട്ടെന്ന് അവൾ പുറത്തു നിന്ന് അകത്തേക്ക് വരാൻ വേണ്ടി കരയുന്നത് കേട്ടു. അഞ്ചു മിനിറ്റിനുള്ളിൽ ഞാൻ പലതും സംഘടിപ്പിച്ചു കിട്ടിയ സാധനങ്ങളുമായി വാതിൽ തുറക്കാൻ നോക്കിയ ഞാൻ, അവിടെയുള്ള ജനാലയിൽ കൂടി എന്നെ നോക്കി കരയുന്ന അവളുടെ ദയനീയ മുഖം കണ്ടു.

പിന്നെ ഒരു നിമിഷം ഞാൻ നിന്നില്ല വീടിനു പുറത്തു മതിലിനോട് ചേർന്ന്  എന്റെ കൈയിലുണ്ടായിരുന്ന ചാക്ക് വിരിച്ച്, അതിൽ പേപ്പർ കൊണ്ടുള്ള ഒരു വിധം വലുപ്പമുള്ള ബോക്സും വെച്ചു. അത് കണ്ട് അവൾ വേഗം ബോക്സിനകത്തു കയറി കിടന്നു.

ഉടനെ അവൾ അസാധാരണമായ ശബ്ദത്തിൽ എന്നെ നോക്കി കരയാൻ തുടങ്ങി. എനിക്ക് അവളെ എങ്ങനെ സമാധാനിപ്പിക്കുമെന്ന് അറിയില്ല. പെട്ടെന്ന് കറുപ്പിൽ വെള്ളപുള്ളിയുള്ള ഒരാൾക്ക് ജന്മം നൽകി. ഉടൻ തന്നെ  അവൾ തന്റെ കുഞ്ഞിനെ നക്കി തുടച്ചു. പിന്നെ എന്നെ വീണ്ടും ഒന്ന് നോക്കി. ആ കാഴ്ച എന്റെ കണ്ണുകളെ ഈറനണിയിച്ചു.

അങ്ങനെ അവൾ തുടരെത്തുടരെ മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു. കുഞ്ഞുങ്ങൾ മൂന്നുപേരും അമ്മയുടെ പാൽ കുടിച്ചു തുടങ്ങി. ആ സമയത്ത് കുഞ്ഞുങ്ങളെ മാറി മാറി നക്കി തുടച്ചു അവൾ. പിന്നീട് പതിയെ പതിയെ ഗാഢമായ ഉറക്കത്തിലേക്ക് അവൾ വഴുതി വീണു.

രാവിലെ വീടിനടുത്തു കൂടി പോയ ഒരെലിയെ കഴിച്ചതല്ലാതെ വൈകിട്ട് 7 മണിയായിട്ടും അവൾ ഒന്നും കഴിച്ചില്ലെന്ന് സത്യം എന്നെ ഏറെ വേദനിപ്പിച്ചു. പക്ഷേ അധികം ഞാൻ വേദനിക്കണ്ടാ എന്ന പോലെ ദേ അവൾ ഒഴിഞ്ഞ വയറുമായി എന്റെ അരികിൽ എത്തി. ഉടൻ തന്നെ ഞാൻ അവൾക്ക് ഭക്ഷണം കൊടുത്തു. അങ്ങനെ ജീവിതത്തിലെ പല സത്യങ്ങളും നേരിട്ട് ഞാൻ കണ്ടറിഞ്ഞു.

പുതിയൊരു ജന്മം ഈ ഭൂമിയിലേക്ക് വരുമ്പോൾ മിക്ക ജീവികളും കരയും. അതിലൊരു ജീവിയല്ലേ മനുഷ്യൻ? എന്നാൽ മനുഷ്യൻ ഈ സമയത്ത് കരയാൻ പാടില്ല. അത് മോശമാണ്. എന്ത് മോശം?

പെണ്ണിന്റെ ചിരിയുടെ ശബ്ദം വെളിയിൽ വന്നാൽ അവൾ മോശക്കാരി. പുതിയൊരു ജീവൻ ഭൂമിയിലേക്ക് വരുമ്പോൾ പ്രാണൻ പോകുന്ന വേദന എല്ലാവർക്കും ഉണ്ട്. പക്ഷേ ആ സമയത്തുള്ള ആ പെണ്ണിന്റെ കരച്ചിൽ വെളിയിൽ കേൾക്കരുത്. കേട്ടാൽ അവൾ മോശക്കാരി.

ഒന്ന് ചോദിക്കട്ടെ ജഡ്ജികളെ, ആ കരച്ചിൽ അവളുടെ അവസാന കരച്ചിൽ ആണെങ്കിൽ നിങ്ങൾക്ക് ഈ പറഞ്ഞതൊക്കെയും തിരിച്ചെടുക്കാൻ പറ്റുമോ?

ചെറിയ ജലദോഷമോ തലവേദനയും അടുത്തൂടെ പോയാൽ താങ്ങാൻ പറ്റാത്ത പുരുഷന്മാർക്ക് സ്ത്രീകളുടെ ഈ വേദന മനസ്സിലാവില്ല. പക്ഷേ എല്ലാം അറിയുന്ന സ്ത്രീകൾ ഇത്തരം വിവരക്കേടുകൾക്ക് കൂട്ടുനിൽക്കുമ്പോൾ, അവരടങ്ങിയ ഈ സമൂഹത്തോട് പുച്ഛം മാത്രം.

സുഖപ്രസവത്തിന് ഇത്രയും വലിയ സുഖമാണെന്ന് ഞാൻ അറിഞ്ഞില്ല. വേദനയുടെ കാഠിന്യത്തിൽ ബോധം പോയ ഞാൻ, പിറന്നു വീണാൽ ഉടനെ കരയുന്ന ആചാരം  അറിയാതെ പോയ എന്റെ കുഞ്ഞ്, എന്റെ കുഞ്ഞ് ഒന്ന് കരയാനായി കിണഞ്ഞു പരിശ്രമിച്ച ആശുപത്രി ജീവനക്കാർ, ഓക്സിജൻ സിലിണ്ടറുമായി ലേബർ റൂമിലേക്ക് ഓടിക്കയറിവരെ കണ്ടു ഭയന്ന എന്റെ അമ്മ. ഇതുപോലെ ഒരുപിടി ഓർമ്മകൾ ആയിരിക്കും ഓരോ ജനനവും.

പണ്ട് കൂടുതലും ഇപ്പോഴും ചിലയിടത്തുള്ളതുമാണ് നോർമൽ ഡെലിവറി മതിയെന്ന് വാശി പിടിക്കുന്ന വിവരം കൂടിയവർ. അന്ന് എനിക്ക് ഓപ്പറേഷൻ ചെയ്തിരുന്നെങ്കിൽ എന്റെ കുഞ്ഞിന് ഓക്സിജൻ കൊടുക്കേണ്ടി വരില്ലായിരുന്നു. 10 ദിവസം അവന് ഐസിയുവിൽ കിടക്കേണ്ടി വരില്ലായിരുന്നു. നിലവിൽ എനിക്ക് നോർമൽ പ്രസവത്തിന്റെ വേദനയും ഓപ്പറേഷന്റെ വേദനയും അനുഭവിക്കേണ്ടി വന്നു. അന്ന് ഏതോ ഭാഗ്യത്തിന് രക്ഷപ്പെട്ടതാണ് ഞാനും കുഞ്ഞും.

ഇങ്ങനെ പലരും പലയിടത്തും ഇപ്പോഴും അറിവില്ലായ്മ മൂലം ദുരിതങ്ങൾ അനുഭവിക്കുന്നു. അജ്ഞതയുള്ള അജ്ഞാതരെ ദയവു ചെയ്ത് നിങ്ങളുടെ ഈ വിവരക്കേടിന് പരിഹാരം കണ്ടെത്തുക. അല്ലാതെ വാലും തലയുമില്ലാതെ അഭിപ്രായം പറയാൻ നിൽക്കരുത്.

✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )