അനസ്തേഷ്യ


" അങ്ങനെ ആ ഏഷ്യയിൽ ഒന്ന് കേറി. പണ്ടുമുതലേ ആഗ്രഹം ഉണ്ടായിരുന്നു ഇതൊന്ന് അനുഭവിച്ചറിയാൻ. വിവരമില്ലാത്ത കാലത്ത് തോന്നിയ ഒരു വിവരക്കേട്. എന്നാ ഇപ്പോൾ വിവരമുണ്ടോ? എവിടുന്ന്. സർജറിക്ക് മുൻപ് ആ ഹോസ്പിറ്റലിലെ.. "

" എന്താ ഹോസ്പിറ്റലിന് പേരില്ലേ? "

" ഉണ്ടുണ്ട് എറണാകുളം മെഡിക്കൽ സെന്റർ."

"ഹ്ങ്ങാ എന്നിട്ട്?"

" മെഡിക്കൽ സെന്ററിലെ അനസ്തേഷ്യ ഉൾപ്പെടെ ഒട്ടുമിക്ക ഡോക്ടറെയും കണ്ടു. രാവിലെ തുടങ്ങിയ ടെസ്റ്റ് പേപ്പർ റിസൾട്ടോടെ വൈകിട്ടാണ് അവസാനിച്ചത്."

സർജറിക്ക് രണ്ടുദിവസം മുമ്പ് 

ഡോക്ടർ : " ബാക്കിൽ ഒരു ഇഞ്ചക്ഷൻ എടുക്കും. കീഴ്പ്പോട്ട് മരവിക്കും. അഞ്ചുമണിക്കൂറോളം മരവിപ്പ് ഉണ്ടാകും. ഓപ്പൺ സർജറിക്ക് ഇങ്ങനെയാണ്."

എന്റെ മനസ്സ് : " അപ്പോ ബോധം ഉണ്ടാകും. എല്ലാം കാണാൻ പറ്റും."

സർജറി ദിവസം രാവിലെ എട്ട് മണിക്ക് ഓപ്പറേഷൻ തിയേറ്ററിലേക്ക് ഞാൻ നീല ഉടുപ്പ് ഇട്ട് സ്ട്രച്ചറിൽ കിടന്നു യാത്രയായി. എട്ടരയ്ക്കാണ് സർജറി.

ഒരു വിശാലമായ വാതിൽ തുറന്നു എന്നെ  ആരെയും കടത്തിവിടാത്ത അവിടേക്ക് എന്നെ കടത്തി വിട്ടു. അതിനുമുൻപ് എന്റെ അനിയത്തിയോട് ഞാൻ "തലയാട്ടി" പോയിട്ട് വരാമെന്ന് അറിയിച്ചു.

കടന്നു വന്ന എന്നെ അവർ സ്വീകരിച്ചു. എനിക്ക് ഭയം ഒട്ടും തോന്നിയില്ല. അവിടെ ഏതോ മലയാളസിനിമാ പാട്ട് വെച്ചിരിക്കുന്നു. അടുത്ത് നിന്ന ഒരു നേഴ്സ് വന്നെന്നോട്
"യൂറിൻ പോകാൻ തോന്നുന്നുണ്ടെങ്കിൽ പറയണേ."

"ഓ അതിന്റെ ആവശ്യം ഇല്ല. ട്യൂബ് ഇട്ടിട്ടുണ്ട്. "

ഞാൻ മറുപടി പറയുന്ന ആ സമയത്തു എന്റെ വലതു വശത്തെ കൈയിൽ നേരത്തെ കുത്തിയിട്ടിരുന്ന തലകീഴായ് കിടന്ന കുപ്പി ദേ വീണ്ടും എന്റെ അടുത്ത് തലകീഴായി എന്നെ ഓടിച്ചേർന്നു കിടക്കാൻ തുടങ്ങി. പാട്ട് നിർത്താതെ എവിടെയോ ഇരുന്നു പാടുന്നുണ്ട്.

"ഷൈനി... സർജറി കഴിഞ്ഞു. ദോ അവിടെ ഷൈനിയുടെ ഫാമിലി നിൽക്കുന്നു. നോക്കിയേ.."

കവിളത്തു രണ്ട് അടി കിട്ടിയ ഊക്കിൽ ഞാൻ കണ്ണുതുറന്നു. ചുറ്റിനും വെള്ള മേഘങ്ങൾ. ആരെയും കാണാൻ പറ്റുന്നില്ലല്ലോ.
ഒന്നു നോക്കിയ എന്റെ മനസ്സ് : "എന്ത്‌ എന്റെ സർജറി കഴിഞ്ഞെന്നോ!? എപ്പോ? ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ! എന്റെ നടുവിന് ഇഞ്ചക്ഷൻ എടുക്കുന്നതിനു മുൻപ് എന്റെ ബോധം നിങ്ങൾ എടുത്തിരുന്നല്ലേ?"

ദേ പോയി വീണ്ടും ബോധം.


സർജറി കഴിഞ്ഞിട്ട് മാസങ്ങളായി. ഇതുവരെ ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ലല്ലോ! അനസ്തേഷ്യ തന്നത് എങ്ങനെ? ബോധം കെടുത്താൻ മരുന്ന് എപ്പോ തന്നു? പക്ഷേ ഞാൻ അറിഞ്ഞില്ലല്ലോ! ഇത്രയും മണിക്കൂർ ബോധം ഇല്ലാതിരിക്കുമ്പോൾ ഒരു സ്വപ്നമെങ്കിലും കാണാതിരിക്കുമോ? സാധാരണ എപ്പോ ഉറങ്ങിയാലും ഏതെങ്കിലും ഒരു സ്വപ്നം കാണാറുണ്ട്. മിക്കതും കുറച്ചു ദിവസത്തേക്ക് ഓർമ ഉണ്ടാകും. ഇത് ശ്ശോ... ഒന്നും ഓർമ്മ കിട്ടുന്നില്ലല്ലോ!

"അമ്മേ അനസ്തേഷ്യ ചെയ്തു ബോധമില്ലാതെ കിടന്നപ്പോൾ എങ്ങനെയായിരുന്നു? സ്വപ്നം എന്തെങ്കിലും കണ്ടിരുന്നോ? ഒന്നും ഓർമയില്ലേ? "

"എന്റെ കുഞ്ഞേ നീ ഇത്തരം ചോദ്യങ്ങൾ ഒന്നും ചോദിക്കല്ലേ. ഞാനൊരു സ്വപ്നവും കണ്ടില്ല. ഈ സമയം വരെ ഞാൻ അന്വേഷണത്തിൽ ആണ്. അതിന് ആർക്ക് ഉത്തരം തരാൻ പറ്റും? ഇല്ല പറ്റില്ല. ചോദിച്ചാൽ പറ്റിക്കും."

കണ്ണു തുറന്നപ്പോൾ കാലിലും കൈയിലും ഏതൊക്കെയോ മെഷീന്റെ വയറുകൾ എന്നെ ചുറ്റിയിരുന്നതും ഇവറ്റകളുടെ സൗണ്ടും ഇടയ്ക്കിടെ കേട്ടതും ഓർമ്മയുണ്ട്. കൂടെ എന്നെ പരിചരിച്ച സ്നേഹനിധികളായ കുറച്ചു മാലാഖമാരെയും ഓർക്കുന്നു. അവരുടെ പേരൊക്കെ ചോദിച്ചിരുന്നു. പക്ഷേ മറന്നു. നിങ്ങളോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്.

ചിലപ്പോ അന്ന് ഏതാനും മണിക്കൂർ ഞാൻ മരിച്ചിരിക്കുകയായിരിക്കും.! 
✍️ഷൈനി 

Comments

  1. ഷൈനി...
    കഥയെഴുതാൻ മിടുക്കിയാണല്ലേ നന്നായിട്ടുണ്ട് അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല👌👌👌

    ReplyDelete
  2. ഇതു ഞാൻ രണ്ടു തവണ അനുഭവിച്ചതാണ്, രണ്ടിലും അനുഭവിച്ചത് ഇതുപോലെയാണ്.

    ReplyDelete

Post a Comment

Dreams

കൂട്ടുകാരി

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )

ഉയിർ