Posts

നീ എന്തിനു വന്നു? ( കഥ )

Image
കൃഷ്ണന്റെ രാധയെ കുറിച്ച് അറിയാത്തവർ ഉണ്ടോ? ഉണ്ടാകുമായിരിക്കും. കൃഷ്ണ ഭക്തയായ മീര തന്റെ കുഞ്ഞിന് രാധയെന്ന പേര് തന്നെ കൊടുത്തു. അവൾ വളർന്നു. തികഞ്ഞ കൃഷ്ണ ഭക്ത. തനിച്ചുള്ള സംസാരം എപ്പോഴും അവൾക്കുണ്ട്. സംസാരിക്കുന്നത് വേറെ ആരോടും അല്ല. തന്റെ കൃഷ്ണനോട് തന്നെയാ. അമ്മ കൊടുത്ത കണ്ണന്റെ കുഞ്ഞു വിഗ്രഹം എപ്പോഴും അവളുടെ കൂടെയുണ്ട്. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും ആദ്യം പറയുന്നത് അവളുടെ കണ്ണനോട് ആണ്.  ഒരിക്കൽ അവൾ കൃഷ്ണനോട് പറഞ്ഞു : "എന്നും  ഞാൻ നിന്നോട് സംസാരിക്കും. എന്റെ ശബ്ദം നിനക്ക് നന്നായിട്ട് അറിയാം. പക്ഷേ,... നിന്റെ ശബ്ദം കേൾക്കാൻ എനിക്ക്  എന്താ കഴിയാത്തത്? കാത്തിരിക്കാൻ വയ്യ കണ്ണാ... ഒരിക്കലെങ്കിലും നിന്റെ ശബ്ദം എന്നെ കേൾപ്പിച്ചൂടെ?!... "  വർഷങ്ങൾ കഴിഞ്ഞു. വീട്ടിലെ ഫോൺ നിർത്താതെ ശബ്ദിക്കുന്നു. "രാധേ.. നീ ആ ഫോൺ എടുത്ത് ആരാണെന്ന് നോക്കിയേ..." അമ്മ പറഞ്ഞു. അവൾ ഓടി ചെന്ന് ഫോൺ എടുത്തു. അവൾ ചെറിയ ശബ്ദത്തിൽ "ഹലോ..." മറുപടി വരാതിരുന്നപ്പോൾ കുറച്ചൂടെ ഉറക്കെ " ആരാ... " ഒരു പാട്ടായിരുന്നു അതിനു മറുപടി. മധുരമായ ശബ്ദത്തിൽ പാടുന്ന ആ പാട...

നമ്മൾ മാത്രം

Image
ജീവിതത്തിന്റെ ഒഴുക്കിൽ എങ്ങും കരകാണാതെ ദൂരേയ്ക്ക് ഒഴുകി ഒഴുകി പോകുമ്പോൾ എപ്പോഴും അവർ കൂടെയുണ്ടാകണമെന്ന് ആശിച്ചാൽ അത് അത്യാർത്തിയാണെന്ന് കാലം പറയും. എന്നെങ്കിലും കാണാമെന്നൊരു തോന്നൽ പോലും തരാതെ പലരും പറയാതെ അകന്ന് പോകും. സുഖമുള്ളൊരു നോവായി മനസ്സിന്റെ ഏതോ കോണിൽ മറഞ്ഞിരിക്കും. ഇടയ്ക്ക് നോക്കാൻ പോലും കഴിയാതെ അവിടെ ചിതൽപുറ്റുകൾ വന്നു മൂടും. ചിതലരിച്ച മനസ്സുകൾ കാണാൻ കഴിയാതെ അവയ്ക്ക് ചുറ്റിനും നടക്കുന്നവർക്ക് ഈ പുറ്റുകൾ തച്ചുടയ്ക്കാൻ കഴിയില്ല. കഴിഞ്ഞാലും "ഇനി നമ്മൾ മാത്രമെന്ന്" പറയാൻ കഴിയാതെ "ഇനി ഞാൻ മാത്രമെന്ന് " പറഞ്ഞകലാൻ ഓരോ ജന്മവും ബാക്കി. ഒരു പിടി പൂക്കളുടെ നടുവിലേക്ക് ഇനി ഞാൻ മാത്രം! അതേ.... ഈ ഭൂമിയിലെ ഓരോ ജന്മവും ആരും അറിയാത്ത "ഞാൻ" ആണ്. 

സ്വന്തമാക്കാൻ കഴിയുമോ?

Image
  സ്വന്തം.. എന്താണ് സ്വന്തമായിട്ടുള്ളത്? പ്രാണവായു.... ഒരാൾക്ക് മാത്രം സ്വന്തമാണോ? ലോകത്തിലെ സകല ജീവജാലങ്ങൾക്കും സ്വന്തമായതിനെ ഒരാൾക്കായി പിടിച്ചു കെട്ടാൻ പറ്റുമോ? ഈ ഭൂമിയിൽ നിന്നും പ്രാണവായു പിണങ്ങി എന്നുന്നേക്കുമായി പോയാലോ? അങ്ങനെ പോകുമോ? പോയാൽ തന്നെ തിരികെ കൊണ്ടു വരാൻ ആർക്കാണ് കഴിയുക? ജീവിതത്തിലെ സ്വന്തമെന്നു വിശ്വസിച്ച പലതും അങ്ങനെയല്ലെന്ന് തിരിച്ചറിയുമ്പോൾ വിട്ടുകളയാനുള്ള മനസ്സും ആരെങ്കിലും കടമായി തരുമോ? ആദ്യം ഒഴിഞ്ഞു പോകേണ്ടയാൾ 'ആഗ്രഹം' ആണ്. ആഗ്രഹം പടിയിറങ്ങിയാൽ പിന്നെ ഒന്നിനെയും സ്വന്തമാക്കാൻ നോക്കില്ല. 'മനസ്സിനെ' 'സ്വന്ത' ക്കാരിൽ നിന്നും അകറ്റണം. ഇല്ലെങ്കിൽ അവർ തമ്മിൽ യുദ്ധത്തിലാകും. യുദ്ധത്തിന്റെ അവസാനം അവർ തമ്മിൽ കൂട്ടാകും. പടിയിറങ്ങിപ്പോയ 'ആഗ്രഹ'ത്തെ തിരിച്ചു വിളിക്കും. വന്നാലോ.... സ്വന്തമെന്ന പദത്തിന് അർത്ഥങ്ങൾ ഉണ്ടാക്കും. സ്വന്തമാക്കാനാവില്ലെന്ന് അറിഞ്ഞിട്ടും വീണ്ടും.. വീണ്ടും.....!!

മീരയുടെ പുലരികൾ...

Image
എന്നും അതിരാവിലെ കിളികളുടെ ശബ്ദം കാതുകളിൽ വരുമ്പോൾ തുടങ്ങും എഴുന്നേൽക്കാനുള്ള മനസ്സിന്റെ വെമ്പൽ. രാവിലെ പഠിച്ചിട്ടു സ്കൂളിൽ പോകാനുള്ളതാണ്. ഇപ്പൊ എഴുന്നേറ്റില്ലെങ്കിൽ സമയത്തിന് സ്കൂളിൽ എത്തില്ല. ഇത്തിരി അല്ല.. ഒത്തിരി മടിയോടെയാണെങ്കിലും എഴുന്നേൽക്കും. പ്രഭാതകർമ്മങ്ങൾ കഴിഞ്ഞു വരുമ്പോഴേക്കും അമ്മ ചായയും കൊണ്ടു വരും. അതുമായി മീര പഠിക്കാനിരിക്കും. ഉഷസ്സിന്റെ വരവറിയിക്കാൻ പവനന്റെ അകമ്പടിയോടെ തേരിൽ വരുന്ന ദിവാകരൻ തന്റെ പ്രജകൾ ആരെങ്കിലും തന്നെ കാണുന്നുണ്ടോ എന്ന ഭാവത്തിൽ തല പൊക്കി പതിയെ നോക്കുന്ന നേരം, ദിവാകരന്റെ ബാക്കി ഭാഗം പെട്ടെന്ന് കാണാമെന്ന വ്യാമോഹത്തോടെയും ഒരേ ലക്ഷ്യത്തോടെയും പറക്കുന്ന പക്ഷികളുടെ മത്സരങ്ങളും, അതിനിടയിൽ സൂര്യകിരണങ്ങളുടെ സ്പർശനമുള്ള ബുക്കിലും മറ്റും നോക്കിയുള്ള പഠനവും........ രണ്ട് വർഷം മുൻപ് ഇങ്ങനെയൊക്കെയായിരുന്നു മീരയുടെ പുലരികൾ.! ഇന്നോ... ഉഷസ്സിൽ വരുന്ന പവനനേയും ദിവാകരനെയും മത്സരിച്ചു പറക്കുന്ന പക്ഷികളെയും മീരയ്ക്കു അന്യമാണ്. എങ്ങനെ കാണും? അതിനു അതിരാവിലെ എഴുന്നേൽക്കണ്ടേ? പറഞ്ഞാൽ കേൾക്കില്ല. രാവിലത്തെ അമ്മയുടെ വഴക്ക് മീരയ്ക്ക് താരാട്ടു പാട്ടായാണ് തോന്നുന്നത്....

മുറിവുകൾ ഉണങ്ങുമോ?

Image
എല്ലാവർക്കും ഉണ്ടാകും ഓരോ മുറിവുകൾ. ആരും അറിയാത്ത മുറിവുകൾ. ചിലത് ഉണങ്ങും. ചിലത് ഉണങ്ങാതെയിരിക്കും. ഉണങ്ങാത്തത് ഇടയ്ക്ക് പഴുത്തു പൊട്ടും. അതിലെ പഴുപ്പ് കളഞ്ഞ് വീണ്ടും കെട്ടിവെയ്ക്കും. ആ കെട്ട് എപ്പോൾ അഴിച്ചു നോക്കിയാലും അവിടെ ചോര പൊടിയും. ഇത്തരം മുറിവുകൾക്ക് ആരിലും മരുന്നുണ്ടാകില്ല. അഥവാ മരുന്നുണ്ടായാലോ... ആ മരുന്ന് തികയാതെ വരും. അല്ലെങ്കിൽ അതിന്റെ കാലാവധി കഴിഞ്ഞതായിരിക്കും. തന്റെ മുറിവുകൾ മറ്റുള്ളവരുടെ വെച്ച് നോക്കുമ്പോൾ നിസ്സാരമെന്ന് തോന്നിയാൽ..... മുന്നോട്ട് പോകാനുള്ള ഓരോ ചുവടും നമ്മുടെ മുന്നിൽ വന്നു നിൽക്കും. പിന്നെ ഇടവും വലവും നോക്കാതെ മുന്നോട്ടു പൊയ്ക്കോണം. ഉണങ്ങാത്ത മുറിവിനെക്കുറിച്ചോർത്തു സമയം കളയാതെ അടുത്ത മുറിവ് ഉണ്ടാകാതെ നോക്കുക. പക്ഷേ അപ്പോഴും ഉണ്ടാകും. അന്നേരം മുറിവിന്റെ എണ്ണം കുറയ്ക്കാൻ നോക്കുന്നതാണ് നല്ലത്.!!!

വൈകിയല്ലോ!(കഥ)

Image
 ഒരു കുഞ്ഞു മാലാഖക്കുട്ടി. എല്ലാവരുടെയും കണ്ണിലുണ്ണി. പൊന്നൂ, മുത്തേ, കിളിയേ, തത്തേ അങ്ങനെ ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള പേരുകൾ അവൾക്ക് നൽകി. ഏത് പേര് വിളിച്ചാലും അവൾ വിളി കേൾക്കും. പക്ഷേ ഒരു പേരുമാത്രം വിളിച്ചാൽ വിളി കേൾക്കാൻ അല്പം താമസിക്കും. സ്വന്തം പേര്! വല്ലപ്പോഴും കേൾക്കുന്ന ആ പേര് അവൾക്ക് അന്യമാണ്.  പക്ഷേ സ്ക്കൂളിൽ പോയി തുടങ്ങിയതു മുതൽ തന്റെ പേര് വിളിക്കുമ്പോൾ അവൾ ഹാജർ പറയാൻ പഠിച്ചു. മീനാക്ഷി കേൾക്കേ ബന്ധുക്കൾ ഒരിക്കൽ പറഞ്ഞു : "നമ്മുടെ മീനാക്ഷി വെറും മീനാക്ഷിയല്ല.... മധുരമീനാക്ഷിയാണ്."  അവൾ മധുരമീനാക്ഷി ആരാണെന്ന് അന്വേഷിച്ചു. ആരാണെന്ന് അറിഞ്ഞ അവളുടെ തലയിൽ എന്തോ ഒന്ന് കയറി. അതെ... ചെറിയോ.....രു അഹങ്കാരം! പിന്നെ എപ്പോഴും കണ്ണാടിയുടെ മുന്നിലാണ്. കണ്ണാടി നോക്കി നോക്കി നിന്ന മീനാക്ഷിക്ക് താൻ ഏതോ ദിവ്യശക്തിയുള്ള ആളാണെന്ന് തോന്നിതുടങ്ങി. താൻ ദേവിയാണെന്ന് സ്വയം തീരുമാനിച്ചു.  തന്റെ ദിവ്യശക്തി ഒന്നു പരീക്ഷിക്കാൻ തന്നെ മീനാക്ഷി തീരുമാനിച്ചു. കിടക്കാൻ നേരം അവൾ ഉറപ്പിച്ചു. "നാളെ എന്തായാലും ചെയ്തേ പറ്റൂ". തന്റെ ഒരോ ദിവ്യശക്തികളും അവൾ സ്വപ്നം കണ്ടു. വെള്ള...

ആത്മാവിന്റെ ദാഹം

Image
അച്ഛന്റെയും അമ്മയുടെയും വീട്ടിലേക്ക് ഓണാവാധിക്കു പോകുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്. ആ സന്തോഷം കാരണം പോകുന്നതിന്റെ തലേ ദിവസം ഉറക്കം വരില്ല. അതിരാവിലെ എഴുന്നേൽക്കാത്ത കുട്ടികളായ ഞങ്ങൾ അന്ന് നേരത്തേ എഴുന്നേൽക്കും. പിന്നെ ദീർഘമായ യാത്രയ്ക്കുള്ള ഒരുക്കം. ബസ്സിൽ ആണ് മിക്കപ്പോഴും പോകുന്നത്. ബസ്സിന്റെ സൈഡ് സീറ്റിൽ ഇരുന്ന് കാഴ്ചകൾ കാണാനായി ഞങ്ങൾ മത്സരിക്കും. തീരെ ചെറുതായിരുന്നപ്പോൾ കാഴ്ചകൾ കാണുന്ന ഞാൻ എന്റെ വായ്ക്കും അച്ഛന്റെ ചെവിക്കും വിശ്രമം കൊടുക്കില്ല. അമ്മ എന്റെ സംശയങ്ങൾക്ക് ചെവി തരില്ല.  ഒരിക്കൽ ഒരു ഓണാവധിക്കാലം കഴിഞ്ഞ് വളരെ വിഷമത്തോടെ നാട്ടിൽ നിന്നും തിരിച്ചു വന്നു. അന്ന് വൈകുന്നേരം ആയപ്പോഴേക്കും ഒരു കാര്യം അറിഞ്ഞു. ഞാൻ പോലും അറിയാതെ ഒരു സുഹൃത്ത് എന്നോടൊപ്പം കൂടി. കുറച്ചു പ്രശസ്തിയുള്ള ആളാണ്. പേര് ചിക്കൻ ബോക്സ്. ഡോക്ടർ എന്നോട് പറഞ്ഞു: " കുറച്ചു ദിവസത്തേക്ക് സ്ക്കൂളിലൊന്നും പോകണ്ട ". വീട്ടിൽ വന്നപ്പോൾ അച്ഛൻ പറഞ്ഞു : " നമുക്ക് ഉടനെ നാട്ടിലേക്ക് പോകാം." അതുകേട്ടതും ഭയങ്കര സന്തോഷം ഉണ്ടായി. അന്ന് തന്നെ ഞങ്ങൾ വീണ്ടും നാട്ടിലേക്ക് പോയി.  അവിടെ ചെന്ന് അധികം ത...

ഇങ്ങനെയും ഒരു സ്വപ്നം

Image
രാവിലെ എഴുന്നേൽക്കുമ്പോഴേ ഇമ്പത്തിലുള്ള എം എസ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം കാതിൽ മുഴങ്ങി കേൾക്കണമെങ്കിൽ അടുത്ത് അമ്പലം വേണം. ഇല്ലെങ്കിൽ നമ്മുടെ വീടുകളിൽ പാട്ട് വെയ്ക്കണം. ഒരു പ്രത്യേക സുഖമാണ്  സുബ്ബലക്ഷ്മിയുടെ സുപ്രഭാതം കേൾക്കാൻ. പണ്ട് ഞാൻ നടക്കാത്ത കുറേ സ്വപ്‌നങ്ങൾ കാണാൻ ശ്രമിച്ചിരുന്നു. വർത്തമാന കാലത്തിന്റെ മുന്നോട്ടല്ല എന്റെ സ്വപ്‌നങ്ങൾ പോയത്. ഭൂതകാലത്തിലേക്കായിരുന്നു സഞ്ചാരം. സ്വപ്‌നത്തിൽ മിക്കപ്പോഴും ഉള്ളത് കൊട്ടാരങ്ങളും അമ്പലങ്ങളും രാജാവും പരിവാരങ്ങളും കൂട്ടത്തിൽ അന്നത്തെ ഞാനും. അന്ന് ഏതോ കൊട്ടാരത്തിലെ അടുക്കളക്കാരിയായിരിക്കും ഞാൻ. അതായിരിക്കും കൊട്ടാരങ്ങൾ കാണാൻ ഇത്ര ഇഷ്ടം. മട്ടാഞ്ചേരി പാലസും തൃപ്പൂണിത്തുറ ഹിൽപ്പാലസും മൈസൂർ പാലസും അങ്ങനെ അങ്ങനെ ഏത് കൊട്ടാരവും എത്ര കണ്ടാലും മതിയാവില്ല. മണിച്ചിത്രത്താഴിൽ നാഗവല്ലിയെ ആദ്യമായി കണ്ടപ്പോൾ ഗംഗ ചെയ്തതുപോലെ ഞാനും കൊട്ടാരങ്ങളിൽ കാണുന്ന ഛായാചിത്രങ്ങളിലെ രാജാവും രാജ്ഞിയും തോഴിയും മന്ത്രിയും ഭടനും പ്രജകളും എല്ലാം ഒരു നിമിഷം കൊണ്ട് ആകും. എല്ലാത്തിനും സെക്കന്റുകളുടെ ആയുസ്സേയുള്ളൂ. അപ്പോഴേക്കും എന്റെ കൂടെയുള്ളവർ എന്നെ വിളിക്കും അടു...

പരീക്ഷണം

Image
ജീവിതത്തിൽ എന്തു പ്രതിസന്ധി വന്നാലും അന്നേരം മുഴങ്ങി കേൾക്കുന്നത് ഒന്നേ ഉള്ളൂ - "ഇതൊക്കെ ദൈവത്തിന്റെ പരീക്ഷണങ്ങൾ ആണ്." ഈ പരീക്ഷണങ്ങളിൽ നാം വിജയിക്കണം. തോൽവി സമ്മതിക്കരുത്. ദൈവം ആരെയാണോ കൂടുതൽ സ്നേഹിക്കുന്നത്... അവരെ കൂടുതൽ പരീക്ഷിക്കും. (ഇത് വല്ലാത്തൊരു സ്നേഹമാണ്!!) ഇത്തരം വാക്കുകളിൽ ഭൂരിഭാഗം പേരും ക്ഷമിച്ചു മുന്നോട്ടു പോകും. പിന്നെ പിന്നെ അതൊരു ശീലമാകും. ഈ പരീക്ഷണങ്ങൾ മനുഷ്യർക്ക് മാത്രം ഉള്ളോ? ചിലപ്പോൾ ശരിയായിരിക്കാം. ആർക്കറിയാം?! ഈ കോടാനുകോടി ജനങ്ങൾക്ക് ഓരോ നിമിഷവും വ്യത്യസ്തമായ പരീക്ഷണങ്ങൾ തയ്യാറാക്കുന്ന ദൈവത്തെ സമ്മതിക്കണം!! അതുകൊണ്ടായിരിക്കും ചില പരീക്ഷണങ്ങൾ നീണ്ടു പോകുന്നത്. പോയി പോയി എങ്ങും എത്താതെ പോകുന്നതും.! പരീക്ഷണങ്ങൾ എല്ലാം നമുക്ക് മാത്രം തരുന്ന ദൈവത്തെ വേദനിപ്പിക്കുന്നത് ശരിയല്ല. തിരിച്ചു അങ്ങോട്ടും കൊടുക്കണ്ടേ? അതുകൊണ്ട് കുറച്ച് പരീക്ഷണങ്ങൾ അങ്ങോട്ടും കൊടുത്തു. പക്ഷേ.. ദൈവം തോറ്റു പോയി. "ശക്തി" പിണങ്ങി പോയപ്പോൾ ദൈവം ഒരാളെ കൂട്ടിന് വിളിച്ചു "വിധി" യെ. എല്ലാം എന്റെ തലയിൽ തന്നെ വെച്ചാൽ ദൈവത്തിന് രക്ഷപെടാമല്ലോ എന്നോർത്ത് തടങ്കിലാക്കപ...

ആരാണ്?

Image
ഒന്നിലോ രണ്ടിലോ പഠിക്കുന്ന കാലം. ഇന്നത്തെ പോലെ ഭാരിച്ച ചിന്തകൾ ഇല്ലാതിരുന്ന കാലം. ചിന്തകളിൽ ഏറിയ പങ്കും അമാനുഷിക ശക്തികൾ കവർന്നെടുത്തു. കാണുന്ന വസ്തുക്കളിൽ എല്ലാം ജീവനുണ്ടെന്നു തോന്നി. അവർ സംസാരിക്കുന്നത് പലതും കേൾക്കാൻ കഴിയുന്നു. അതുകൊണ്ടായിരിക്കാം അവരോട് ഡാൻസ്സ് കളിച്ചു കൊണ്ട്       സംസാരിക്കുമ്പോൾ മറ്റുള്ളവർ അറിയുകയും, അവർക്ക് മതിമറന്നു ചിരിക്കാനുള്ളത് കൊടുക്കാനും കഴിയുന്നത്. ഓരോ വീട്ടിലും ഇതുപോലൊരെണ്ണം ഉണ്ടാകും. എന്റെ വീട്ടിലെ ആ ഒരെണ്ണം ഞാനായിരുന്നു. "ഞാൻ കാണുന്ന മതിലിനോടും ചെടിയോടും എല്ലാം സംസാരിച്ചിരുന്നത് " വീട്ടുകാരും നാട്ടുകാരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോഴാണെങ്കിൽ കാലിൽ ചങ്ങല കണ്ടേനെ!! രാത്രിയിൽ കറണ്ട് പോകുമ്പോൾ മുറ്റത്ത്‌ ഇറങ്ങി നടക്കും. ഉടനെ ആകാശത്തോട്ടായിരിക്കും കണ്ണ് പോകുന്നത്. അവിടെ അമ്പിളിമാമൻ ഉണ്ടെങ്കിൽ ആ മാമന്റെ ഒപ്പം നടക്കാൻ തുടങ്ങും. എങ്ങോട്ടു പോയാലും കൂടെ വരുന്ന, പൊയ്ക്കോളാൻ പറഞ്ഞാലും പോകാതെയിരുന്നു ചിരിക്കുന്ന അമ്പിളിമാമൻ. രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്നവരുടെ അടുത്ത് നിന്ന് ആശയകുഴപ്പം തരുന്ന അമ്പിളിമാമനെ ചൊല്ലി വഴക്കിടുന്ന കുട്ടികളായ ഞ...

പശ്ചാത്താപം

Image
ഒരു സിംഹം പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ അതിന്റെ പരിശീലകനെ കൊന്നു. പിന്നീട് ആ സിംഹം തന്റെ യജമാനനെ കൊന്നതിന്റെ കുറ്റബോധത്താൽ ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്നു ചത്തു. ഏതോ ബുക്കിൽ വായിച്ചതാണ്. ഇവിടെ ഒരു മൃഗത്തിന് പോലും പശ്ചാത്താപം ഉണ്ടായി. അത് മനുഷ്യർക്ക്‌ മനസ്സിലാവുകയും ചെയ്തു. ഏതെങ്കിലും മനുഷ്യർ പശ്ചാത്തപിച്ചാൽ മനസ്സിലാകാത്ത മനുഷ്യരാണ് പലരും. പശ്ചാത്താപം പ്രകടിപ്പിച്ചാൽ മാത്രമേ മറ്റുള്ളവർക്ക് മനസ്സിലാവുകയുള്ളൂ. സോറി എന്ന വാക്ക് പറയണമെന്നില്ല. സിംഹം സോറി പറഞ്ഞിട്ടില്ല. വല്ല കാർട്ടൂൺ ചാനലിലെ സിംഹം ആണെങ്കിൽ സോറി പറയും. ഇവിടെ സിംഹത്തിന്റെ പ്രവർത്തിയിൽ (പട്ടിണി) നിന്നും മനസിലാക്കാൻ പറ്റി. ചിലരുടെ ഉള്ളിൽ പശ്ചാത്താപത്തിന്റെ ഗോപുരം ഉണ്ടെങ്കിലും പുറമേ കാണിക്കില്ല. 'സോറി' എന്ന വാക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വിദേശികൾ ആണ്. ഇവിടെ മലയാളികൾക്ക് മാപ്പ് ചോദിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. അവര് മാപ്പ്‌ ചോദിക്കും - ഗൂഗിളിനോട്.! അഥവാ ആരെങ്കിലും ആത്മാർത്ഥമായി ആരോടെങ്കിലും ചോദിച്ചാലോ അവരുടെ മാപ്പിന് ചിലർ ഒരുവിലയും കൊടുക്കില്ല. സോറി പറയുക എന്നത് അവരുടെ തെറ്റ് ഏറ്റു പറയുന്നതല്ലേ? പൊറുക...

സ്വപ്നത്തിലെ മൂന്നാടുകൾ

Image
ഞാൻ ജ്യോൽസ്യൻ ആണെന്ന് വിചാരിച്ചു ആരെങ്കിലും എന്നോട് 'സ്വപ്നത്തിൽ മൂന്ന് ആടുകളെ കണ്ടാൽ എന്തായിരിക്കും' എന്നു ചോദിച്ചാൽ? ഞാൻ പറയും : "നിങ്ങൾ കണ്ടത് മൂന്നാടുകളെ അല്ല. പകരം മൂന്നു മനുഷ്യരെയാണ്. അതിൽ രണ്ടു പേർ നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആകാം. രണ്ടുപേർക്ക് ആടിന്റെയും  മറ്റേയാൾക്ക് ചെന്നായയുടെയും സ്വഭാവം ആണ്. അതിൽ ഒരാട് നിങ്ങൾ ആണ്. ചെന്നായ ആട്ടിൻത്തോൽ ഇട്ടിരിക്കുകയാണ്. അതാണ് മൂന്നാടായി കണ്ടത്. പണ്ട് ഒരു കഥയുണ്ടായിരുന്നു. മുട്ടനാടുകളെ തമ്മിൽ യുദ്ധത്തിന് പ്രേരിപ്പിച്ചിട്ട് ആ യുദ്ധത്തിന്റെ നടുക്ക് നിന്ന് ചോര കുടിക്കുന്ന ആട്ടിൻത്തോലിട്ട ചെന്നായയുടെ കഥ. ഇന്ന് പലരും ആട്ടിൻത്തോൽ അണിഞ്ഞ ചെന്നായയാണ്. അതുകൊണ്ട് താങ്കളെ ചതിക്കാൻ ആരോ പുറപ്പെട്ടിരിക്കുന്നു. എപ്പോഴും ഒരു പട്ടാളക്കാരനെപ്പോലെ ഇരിക്കുക. ചാരൻ എപ്പോൾ വേണമെങ്കിലും കടന്നു വരാം. ആരെയും കണ്ണടച്ചു വിശ്വസിക്കരുത്. നിങ്ങൾ സ്വപ്നം കണ്ടാലും ഇല്ലെങ്കിലും ജാഗ്രത! പണ്ട് ആട്ടിൻത്തോൽ അണിഞ്ഞ ഒരു ചെന്നായ എന്റെ അച്ഛന്റെ അടുത്തും വന്നിരുന്നു. ആ ആടിന്റെ മുഖമ്മൂടി അഴിഞ്ഞു വീണപ്പോഴേക്കും വലിയൊരു ചതിക്കുഴിയിൽ അച്ഛൻ വീണു. അവിടെ നിന്നു...

അക്വേറിയം

Image
അക്വേറിയത്തിൽ ആദ്യം കണ്ട കാഴ്ചകൾ കൗതുകം നിറഞ്ഞതായിരുന്നു. നല്ല ഭംഗിയുള്ള കല്ലുകളും, ചെടികളും, പിന്നെ എന്നെപ്പോലെ വേറെയും രണ്ടു പേർ. അവരെ പരിചയപ്പെട്ടു. ഇടക്ക് ഭക്ഷണം കഴിച്ചു. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മടുപ്പ് തോന്നി. വലുതായപ്പോൾ ആ സ്ഥലം പോരാതെ വന്നു. അതു കണ്ട് സഹതാപം തോന്നിയവർ എടുത്തു കിണറ്റിൽ ഇട്ടു. കിണറ്റിലെ പുതിയ ആളായതിനാൽ പരിചയപ്പെടാൻ അവിടെ കുറച്ചുപേർ ഉണ്ടായിരുന്നു. പക്ഷേ കൂടുതൽ ദിവസം അവിടെ കിടന്നില്ല. ആരോ എടുത്തു കുളത്തിൽ ഇട്ടു. കുളത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നു. അതിൽ സന്തോഷം തരുന്നവരും വേദനിപ്പിക്കുന്നവരും ഉണ്ട്. എങ്ങനെ അവിടെ നിന്നും രക്ഷപെടുമെന്ന് വിചാരിച്ചിരുന്നപ്പോൾ കാലവർഷം വന്നു. ആ കാലവർഷത്തിൽ ഡാം തുറന്നു. ഡാമിലെ വെള്ളം കുളത്തിനെ മൂടി. അവിടെ നിന്നും പിന്നീട് ഒരു യാത്ര. ആ യാത്ര അവസാനിച്ചത് വിശാലമായ കടലിൽ. കടൽ ഇത്രയും മനോഹരമായിരുന്നോ? അവിടെ എങ്ങോട്ടു നോക്കിയാലും പുതിയ കാഴ്ചകൾ. സന്തോഷം കൊണ്ടു തുള്ളിച്ചാടി. ആ ചാട്ടം ഉടനെ നിന്നു. അവിടെയും മനസമാധാനം ഇല്ലെന്നു മനസിലായി. ഓരോ കടമ്പ കഴിയുമ്പോഴും വിചാരിച്ചു "ഇനി വിഷമിക്കാനില്ല എന്ന് ". പക്ഷേ... വ...

ഇത്രയ്ക്ക് വേണ്ടായിരുന്നു!

Image
എല്ലാ കുട്ടികളേയും പോലെ എന്റെ മോനും വെള്ളിയാഴ്ചയാകുമ്പോൾ സന്തോഷമാണ്. ഇനി രണ്ടു ദിവസം സ്കൂളിൽ പോകേണ്ട. ഞായറാഴ്ച ഉച്ച കഴിയുമ്പോൾ സന്തോഷം മാറി സങ്കടമാകും. പിറ്റേന്ന് സ്കൂളിൽ പോകണ്ടേ...!! 'ഓണത്തിനും ക്രിസ്തുമസ്സിനും അവധി പത്ത് ദിവസം' എന്നതിനോട് അവന് തീരെ താല്പര്യം ഇല്ല. പിന്നെ രണ്ട് മാസം വെക്കേഷൻ - അതിനും ചെറിയ വിഷമം ഉണ്ട്. കാരണം ഈ അവധികൾ എല്ലാം പെട്ടെന്ന് പോകുന്നു.! അവധിയെക്കുറിച്ചുള്ള അവന്റെ അഭിപ്രായമാണ് "ആറുമാസം പഠിത്തം...ആറുമാസം അവധി" - അത്രയേയുള്ളൂ.!! ഇത്രയും മടിയുള്ളയാൾക്ക് സ്കൂളിൽ പഠിത്തം ഉണ്ടെങ്കിൽ ഒരു ദിവസം പോലും പോകാതിരിക്കാൻ പറ്റില്ല. പഠിത്തത്തിൽ ഒന്നോ രണ്ടോ മൂന്നോ സ്ഥാനത്തായിരുന്നു ഇതുവരെ. സ്കൂളിൽ അധ്യാപകർക്ക് അവൻ നന്നായി പഠിക്കുന്ന, കുരുത്തക്കേട് അധികം ഇല്ലാത്ത പാവം കുട്ടി.! അധ്യാപകർ മിക്ക മത്സരത്തിനും, കാണുന്ന എല്ലാ സ്കോളർഷിപ്പ് പരീക്ഷക്കും അവനെ ചേർക്കും. ഒന്നിനും അവൻ അധ്യാപകരോട് 'നോ' പറയില്ല. അവസാനം എല്ലാം എന്റെ തലയിൽ. പിന്നെ വിശ്രമമില്ലാത്ത ഓരോ ദിവസങ്ങൾ. എന്റെ മാത്രമല്ല, എല്ലാ അമ്മമാരുടെയും അവസ്ഥ ഇതുതന്നെ.! ...

വിശ്വസിച്ചാലും ഇല്ലെങ്കിലും

Image
ചെറുതായിരുന്നപ്പോൾ ഇരുട്ടിനെ ഞാൻ കൂടുതൽ ഭയപ്പെട്ടിരുന്നു. നാലോ അഞ്ചോ വയസ്സുള്ളപ്പോൾ പകലും ചില സമയങ്ങളിൽ എനിക്ക് പേടിയായിരുന്നു. എന്റെ അടുത്ത് അച്ഛനും അമ്മയും ഉണ്ടായിരുന്നിട്ടും ഞാൻ ഭയന്നിരുന്നു. കാരണം ആരും കാണാത്തതും കേൾക്കാത്തതും എനിക്ക് മാത്രം അനുഭവപ്പെട്ടു. ശബ്ദമായി കേൾക്കുന്നത് ആരുടെയോ ചിരിയും, കാണുന്നത് കുറെ വൃത്തങ്ങളും. ചിരിയും വൃത്തങ്ങളും ഒരുമിച്ചാണ് വരുന്നത്. വൃത്തങ്ങളുടെ വലുപ്പമനുസരിച്ചു ചിരിയുടെ ശബ്ദത്തിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. എന്റെ ഈ അവസ്ഥ അന്ന് ഞാൻ ആരോടെങ്കിലും പറഞ്ഞാൽ ആരും ശ്രദ്ധിക്കില്ല. നാലഞ്ച് വയസുള്ള കുട്ടിക്ക് വട്ടായോന്ന് അവർക്ക് തോന്നിക്കാണും...!! അന്ന് എന്റെ കണ്ണിന് യാതൊരു കുഴപ്പവും ഇല്ല. എന്നാലും ഞാൻ കരുതുന്നു 'അന്ന് ഇടയ്ക്ക് കാണുന്ന വൃത്തങ്ങൾ എന്റെ കണ്ണിന്റെ കുഴപ്പം ആയിരിക്കാം. പക്ഷെ 'ചിരി'! അതാരാ ചിരിക്കുന്നത്...!? അച്ഛൻ മരിക്കുന്നതുവരെ എന്നും രാത്രിയിൽ ഉറക്കത്തിൽ ഞാൻ ദുഃസ്വപ്നം കണ്ട് പേടിച്ച് ഒച്ചവെച്ചു കരയും. അച്ഛന്റെ ഓഫീസിലെ ഒരങ്കിളിനോട് ഈ കാര്യം പറഞ്ഞപ്പോൾ, അങ്കിൾ ഒരു കുരിശ് ഞാൻ കിടക്കുന്ന കട്ടിലിൽ വെയ്ക്കാൻ കൊടുത്തു. അച്ഛൻ അതു...

അമ്മ

Image
ജനനി, മാതാവ്, അമ്മ...പലരുടെയും എഴുത്തിൽ കൂടുതലും കാണുന്ന വാക്കുകൾ . ഒരു സാഹിത്യകാരൻ എഴുതുന്നതു പോലെ നന്നായി അമ്മയെക്കുറിച്ച് എഴുതാൻ ലോകത്തു എല്ലാവർക്കും കഴിയും. അതിനു അമ്മ തരുന്ന നിസ്വാർത്ഥമായ സ്നേഹം തിരിച്ചു തോന്നിയാൽ മാത്രം മതി. "മാതാ പിതാ ഗുരു ദൈവം ". ആദ്യം വരുന്നത് അമ്മ. അവസാനം ആണ് ദൈവം വരുന്നത്. കൺകണ്ട ദൈവത്തെ കാണാതെ കാണാത്ത ദൈവത്തെ തേടി പോകുന്നു. കാണാൻ കഴിയുന്ന ദൈവത്തിന് സംരക്ഷണം കൊടുക്കാതെ കാണാൻ കഴിയാത്ത ദൈവത്തിന്റെ സംരക്ഷണത്തിനു വേണ്ടി സ്വന്തം ജീവൻ കളയുന്നു. ഒരു കുഞ്ഞു ജനിക്കുമ്പോൾ ആദ്യം കാണുന്നത് അമ്മയെ. ആദ്യം പറയുന്ന വാക്ക് അമ്മ. ആ അമ്മ പറഞ്ഞു കൊടുക്കുന്ന വാക്കാണ് ദൈവം. ത്യാഗത്തിന്റെയും ക്ഷമയുടെയും ഭാരത്താൽ എവിടെയും തലകുനിച്ചു നിൽക്കുന്ന അമ്മ. വീട് എന്ന സ്ഥാപനത്തിലെ മാനേജർ ആണ് അമ്മ. അതിന്റെ ഒരഹങ്കാരവും അമ്മയ്ക്കില്ല. ഈ മാനേജർക്ക് അവധിയും, ശമ്പളവും ഇല്ല. ത്യാഗവും ക്ഷമയും അമ്മയ്ക്ക് മാത്രം കൊടുക്കുന്നത് ശരിയല്ല. അമ്മയും ഒരു സാധാരണ വ്യക്തിയാണ്. ഒരമ്മയും മക്കളെ ശപിക്കില്ല. പക്ഷെ, അമ്മയുടെ കണ്ണുനീര് മക്കൾക്ക്‌ ശാപമായിത്തീരും. ലോകത്ത് ഏറ്റവും ശക്തിയുള്ള വാക്ക്...

അത്യാവശ്യക്കാർ

Image
നമ്മുടെ സർക്കാരിന് ലോക്ക്ഡൗണിനു പകരം ഒരു മത്സരം നടത്തിയാൽ മതിയായിരുന്നു. അത്യാവശ്യക്കാർ മാത്രം പുറത്തു പോയാൽ മതി എന്നു പറഞ്ഞാൽ എല്ലാവർക്കും ആവശ്യങ്ങൾ ഉണ്ടാകും. വഴിയിൽ എവിടെയെങ്കിലും ആളുകൾ ഉണ്ടോന്ന് അറിയാനെങ്കിലും ഇറങ്ങുന്ന ആവശ്യക്കാർ ഉണ്ട്.! ടി വി യിൽ നോക്കിയാൽ എന്തിനും ഏതിനും മത്സരം തന്നെ. സംഗീതം, ഡാൻസ്, കോമഡി, ഉടൻ പണം, ബിഗ്‌ബോസ്.... അങ്ങനെ മത്സരങ്ങൾ നിരവധിയാണ്. ഈ മത്സരത്തിൽ എല്ലാം ആരെങ്കിലും വിട്ടുവീഴ്ച ചെയ്യുന്നുണ്ടോ? വിജയി ആവാൻ എല്ലാവരും അഹോരാത്രം പരിശ്രമിക്കുന്നു. അവർ വെറുതെ മത്സരിക്കുകയല്ലല്ലോ. അവർക്കെല്ലാം ഒരേയൊരു ലക്ഷ്യം 'സമ്മാനം'. അങ്ങനെ ഒരു മത്സരം നടത്തിയിരുന്നെങ്കിൽ തൊണ്ണൂറ് ശതമാനവും വിജയിക്കും. ബാക്കി പത്ത് ശതമാനം മത്സരത്തിൽ താല്പര്യം ഇല്ലാത്തവരാണ്. പറയാൻ പറ്റില്ല... ആ പത്ത് ശതമാനവും ചിലപ്പോൾ ഉണ്ടാകില്ല. 100% വിജയിച്ചേനെ.!! എങ്ങനെയായിരിക്കും ആ മത്സരം? "ഈ കൊറോണക്കാലം കഴിയുമ്പോൾ കൊറോണ വരാത്തവർക്കെല്ലാം 5 ലക്ഷം രൂപ വീതം കൊടുക്കുമെന്ന് " പ്രഖ്യാപിച്ചാൽ മതി. പിന്നെ ഒരാളും "അത്യാവശ്യക്കാരായി" പുറത്തിറങ്ങില്ല.

സ്വാതന്ത്ര്യം

Image
നമുക്ക് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആരുടെയും ചിന്തകളെ പിടിച്ചു കെട്ടാൻ ആർക്കും കഴിയില്ല. നമ്മുടെ ചിന്തകൾക്ക് കടിഞ്ഞാണിടാൻ നമുക്ക് പോലും കഴിയുന്നില്ല. പിന്നെയാ മറ്റൊരാൾക്ക്‌.!! അഭിപ്രായസ്വാതന്ത്ര്യം നഷ്ടപ്പെട്ടവർ കാട്ടിക്കൂട്ടുന്ന തെറ്റുകൾക്ക്  ഉത്തരവാദികൾ ആ സ്വാതന്ത്ര്യം നിഷേധിച്ചവർ മാത്രമാണ്. സ്വന്തം അഭിപ്രായം പറയാൻ പതിനെട്ടു വയസ്സ് തികയാണോ? പതിനെട്ടു വയസ്സ് കഴിഞ്ഞവർ പറയുന്ന അഭിപ്രായങ്ങൾ എല്ലാം ശരിയാണോ? പ്രായം അല്ല ഒരാളെ വിവേകി ആക്കുന്നത്, അയാൾ എങ്ങനെ ചിന്തിക്കുന്നതിലാണ്. എല്ലാവരുടെയും അഭിപ്രായങ്ങൾ എല്ലാം ശരിയാവണമെന്നില്ല. കൂടുതലും തെറ്റായിരിക്കും. തെറ്റ് തിരുത്താനെങ്കിലും ആ വ്യക്തിക്ക് തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കണം. ഇത്തരം സ്വാതന്ത്ര്യം നഷ്ടപ്പെടുന്നവരിൽ നിന്ന് നല്ലൊരു വ്യക്തി പിറവിയെടുക്കില്ല. മാന്യമായി എന്തഭിപ്രായം പറയാനും ഏതൊരു വ്യക്തിക്കും അവകാശം ഉണ്ട്. സ്വാമി വിവേകാനന്ദൻ, ശ്രീ നാരായണഗുരു, ഗാന്ധിജി അങ്ങനെ എത്രയോ മഹാന്മാർ - അവരുടെ അഭിപ്രായങ്ങൾ പ്രായപൂർത്തിയായതിനു ശേഷമാണോ പറഞ്ഞു തുടങ്ങിയത്..!!??

മറക്കില്ല

Image
നമ്മുടെ ബാല്യം ആരെങ്കിലും മറക്കുമോ? ഒരിക്കൽ ഒരു ആയുർവേദ ആശുപത്രിയിൽ ഞാനും അമ്മയും കൂടി പോയി. അവിടെ നല്ല തിരക്കുണ്ടായിരുന്നു. ഞാനും അമ്മയും അവിടെ കിടന്ന പേപ്പറും മാസികയും എല്ലാം വായിച്ചും ഇടയ്ക്ക് എന്തെങ്കിലും സംസാരിച്ചും സമയം കളഞ്ഞു. അതിനിടയ്ക്കു അമ്മയുടെ ടോക്കൺ നമ്പർ വിളിച്ചു. ഞങ്ങൾ ഡോക്ടറെ കണ്ടു. പിന്നെ അമ്മയെ കണ്ണിൽ മരുന്നൊഴിച്ചു അവിടെ ഇരുത്തി. എന്നെ പുറത്തും ഇരുത്തി. വീണ്ടും എന്റെ ബോറടി ആരംഭിച്ചു. അപ്പോൾ അവിടെ രണ്ടു മൂന്നു കുട്ടികൾ കളിക്കുന്നു. അവരുടെ കളി കണ്ടപ്പോൾ ഞാനെന്റെ കുട്ടിക്കാലം ഓർത്തുപോയി. തേവര.... അവിടെ ഞാനുൾപ്പെടെ ഒരുപാട് കുട്ടികൾ. വെക്കേഷൻ ആയാൽ പിന്നെ കളിയോട് കളിയാണ്. ചുറ്റുവട്ടത്തൊക്കെയുള്ള പേരമരത്തിലും മാവിലും എല്ലാം മരം കയറാൻ മാത്രം പറ്റുന്ന കുറച്ചുപേരുണ്ട്. അവർ ഉടമസ്ഥൻ അറിയാതെ പേരക്കയും മാങ്ങയും എല്ലാം പറിച്ചു ഞങ്ങൾക്ക് തരും. എന്നിട്ട് ഞങ്ങൾ എല്ലാവരും കൂടിയിരുന്നു കഴിക്കുമ്പോൾ, ഞങ്ങൾ പറിച്ചതിനേക്കാൾ കൂടുതൽ പേരക്കയും മാങ്ങയും ആയി ആ ഉടമസ്ഥൻ വന്നു ഞങ്ങൾക്ക് തരും. അപ്പോൾ ഞങ്ങളുടെയെല്ലാം മുഖത്തുള്ള ചമ്മൽ കണ്ട് അവർ ആസ്വദിക്കുന്നത് കാണാം. എന്തു രുചിയായിരുന്നു ആ...

സ്വപ്നത്തിൽ പാടണം

Image
പവർകട്ട്  ഉണ്ടായിരുന്ന കാലം. അരമണിക്കൂർ കറണ്ട് ഉണ്ടാവില്ല. ഓരോ ദിവസവും എപ്പോഴാണ് പോകുന്നതെന്ന് മുൻകൂട്ടി അറിയാം. അഥവാ കറണ്ട് പോയില്ലെങ്കിൽ ഞങ്ങൾ മെഴുകുതിരി കത്തിച്ച് കാത്തിരിക്കും.  ആ അരമണിക്കൂർ ഞങ്ങളുടെ വീട്ടിൽ ഗാനമേളയായിരിക്കും. നിശബ്ദമായിരിക്കുന്ന സമയത്ത് ഞങ്ങളുടെ ഗാനമേള അയൽപക്കത്തുള്ളവർ ആസ്വദിക്കുന്നുണ്ടാകും. ചിലപ്പോൾ ഞങ്ങളോട് നിർത്താൻ എങ്ങനെ പറയും എന്നോർത്ത് വിഷമിക്കുന്നുണ്ടാകും. ഞങ്ങൾ ഇതൊന്നും കാര്യമാക്കിയില്ല.  പള്ളുരുത്തി കോർട്ടേഴ്സിൽ താമസിക്കുമ്പോൾ ഇതുപോലൊരു ലോഡ്ഷെഡ്ഡിങ് സമയത്ത് കറണ്ട് പോയി. മെഴുകുതിരി കത്തിച്ചു വെച്ചിരിക്കുന്നത് മുൻവശത്തെ മുറിയിൽ ആണ്. ഞങ്ങൾ ഇരിക്കുന്ന മുറിയിൽ അരണ്ട വെളിച്ചം മാത്രമേ ഉള്ളൂ. കറണ്ട് പോയ ഉടനെ ഞങ്ങൾ മൂന്നു പേരും ഞങ്ങളുടെ വാ തുറന്നു. ഓരോരുത്തരും പാടാൻ തുടങ്ങി. പഴയതും പുതിയതുമായ സിനിമാഗാനങ്ങൾ ആണ് പാടുന്നത്.  ഞങ്ങളങ്ങനെ പാടിക്കൊണ്ടിരുന്ന സമയത്ത് ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു. ഞങ്ങൾ പരസ്പരം നോക്കി. ഇരുട്ടായതു കൊണ്ട് ഒറ്റയ്ക്കു ചെന്നു വാതിൽ തുറക്കാൻ പേടി. അപ്പോൾ വീണ്ടും മുട്ടുന്നു. ഞങ്ങൾ മൂന്നു പേരും ഒരുമിച്ച് എഴുന്നേ...

വൃത്തി

Image
എന്നെ അടുത്തറിയാവുന്നവർക്കുള്ള ഒരു പരാതിയാണ് എന്റെ വൃത്തി. ആ കാര്യത്തിൽ ഞാൻ അവർക്കൊരു തലവേദനയാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തീരെ ചെറുതായിരുന്നപ്പോഴേ ഉള്ള സ്വഭാവമാണ്. ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലം. അന്ന് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ കുട്ടികളെ സ്കൂളിൽ വരാന്തയിൽ ആണ് ഇരുത്തുന്നത്. ക്ലാസ്സ്‌ മുറികൾ വൃത്തികേടാകാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്. കുട്ടികൾ കഴിച്ചു കഴിഞ്ഞാൽ അവർ വരാന്ത കഴുകും. പതിവുപോലെ ഒരു ഉച്ചസമയത്ത് ഊണ് കഴിക്കാൻ ഞങ്ങൾ കുട്ടികൾ വരാന്തയിൽ ഇരുന്നു. എല്ലാവരും അവരവരുടെ പാത്രം തുറന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. ഞാനും എന്റെ പാത്രം തുറന്നു ഒരുരുള ചോറ് എടുത്തു കഴിച്ചു. അടുത്ത പിടി എടുക്കാൻ നോക്കുമ്പോൾ അതാ വരുന്നു എന്റെ വില്ലൻ.! രണ്ടിലോ മൂന്നിലോ പഠിക്കുന്ന ഒരാൺകുട്ടി. അവൻ അടുത്ത് വരുന്തോറും എനിക്ക് ഓക്കാനം വന്നു. വേഗം പാത്രം അടച്ചു വെച്ചു. ആ കുട്ടിയുടെ മുഖത്തു ഞാൻ ഒന്നേ നോക്കിയുള്ളൂ. ആനയ്ക്ക് രണ്ട് കൊമ്പുള്ളത് പോലെ അവന്റെ മൂക്കിൽ നിന്നും ഒഴുകി വരുന്നു.! അവന്റെ കൈയിൽ ഒരു തൂവാല പോലും ഇല്ല. ഞാൻ ഛർദ്ദിക്കാൻ തുടങ്ങി. ടീച്ചർ വന്നു എന്നോട് കാര്യം ചോദിച്ചു. ആ കൊച്ചിന്റെ നേരെ...

തേങ്ങ

Image
അന്നും പതിവുപോലെ പഠിക്കാനായി ബുക്കും കൊണ്ട് ഞാൻ പറമ്പിലെ എനിക്കിഷ്ടപ്പെട്ട മരത്തിന്റെ അടുത്തേക്ക് പോയി. പോകുന്ന വഴി ഞാൻ ഒരു കാഴ്ച കണ്ടു. ഒരു പ്രായമായ മനുഷ്യൻ തേങ്ങ പൊതിക്കുന്നു. "ഈ മനുഷ്യൻ ഈ തേങ്ങകൾ എല്ലാം എപ്പോൾ പൊതിച്ചു തീരും!" എന്ന വിചാരത്തോടെ ഞാൻ നടന്നെന്റെ മരത്തിന്റെ കീഴിൽ പോയിരുന്നു. ഞാൻ ബുക്ക്‌ തുറന്നു പഠിക്കാൻ തുടങ്ങി. ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും, ആരോ "ശൂ.......ശൂ....." ന്ന് വിളിക്കുന്നു. ഞാൻ നോക്കി ആരാണെന്നറിയാൻ. ആരെയും കണ്ടില്ല. വീണ്ടും പഠിക്കാൻ തുടങ്ങുമ്പോൾ പിന്നെയും അതേ "ശൂ......ശൂ...."!! ഇപ്പൊ മനസിലായി. ആ തേങ്ങാക്കാരൻ. ആളു കൊള്ളാലോ... ഈ വയസ്സുകാലത്തും പൂവാലനോ?! "ശൂ......ശൂ...." എന്ന വിളി സഹിക്കാതെ വന്നപ്പോൾ ഞാൻ അവിടെ നിന്നും എഴുന്നേറ്റു, ദേഷ്യത്തോടെ വീട്ടിലേക്കു നടന്നു. നടക്കുന്നതിനിടയിൽ വീണ്ടും കേട്ടു..."ശൂ......ശൂ...." ഹൊ! ഇതെന്തു ശല്യമാണെന്ന് വിചാരിച്ചു നോക്കിയപ്പോൾ ആ തേങ്ങാക്കാരൻ ഒന്നുമറിയാത്തതുപോലെ തേങ്ങ പൊതിക്കുന്നു. "ഓഹോ, ഇതിനിടയിൽ ഒരുപാട് തേങ്ങയും പൊതിച്ചല്ലോ!" എന്നെ കണ്ടിട്ടും ഒരു ഭാവവും ...

ടോൾ

Image
അച്ഛൻ ഞങ്ങളെ വിട്ടുപോയപ്പോൾ ഞങ്ങൾക്ക് കൂട്ടായി കുറച്ചു നാൾ അച്ഛന്റെ അച്ഛൻ കൂടെയുണ്ടായിരുന്നു. അപ്പാപ്പൻ ചിലപ്പോൾ "കാക്കത്തൊള്ളായിരം" എന്ന സിനിമയിലെ ശങ്കരാടിയുടെ കഥാപാത്രത്തെപ്പോലെയാണ്. മറ്റുചിലപ്പോൾ ജഗതി ശ്രീകുമാർ ഏതോ സിനിമയിൽ ചെയ്ത അപ്പൂപ്പനെ പോലെയും. ആരെയും വെറുതെ വിടില്ല. അപ്പാപ്പന്റെ മുന്നിൽപ്പെടുന്നവരോട് അപ്പാപ്പൻ ചോദ്യങ്ങൾ ചോദിച്ച് അവരെ വേദനിപ്പിക്കും. അതുകൊണ്ട് എല്ലാവർക്കും പേടിയാണ്. അച്ഛന്റെ വീട്ടിൽ പണ്ട് ട്യൂഷൻ സെന്റർ നടത്തിയിരുന്നു. പുറത്തുനിന്നും വേറെ ടീച്ചർമാരും അവിടെ പഠിപ്പിക്കാൻ വന്നിരുന്നു. അപ്പാപ്പനോട് ഡിഗ്രിക്കും മറ്റും പഠിക്കുന്നവർ സംശയങ്ങൾ ചോദിക്കും. അപ്പോൾ തന്നെ ഉത്തരങ്ങൾ അവർക്ക് കിട്ടുകയും ചെയ്യും. "എനിക്ക് എല്ലാം അറിയാമെന്ന" ഒരു ഭാവം അപ്പാപ്പന് ഉണ്ടായിരുന്നു. അപ്പാപ്പൻ എന്നോട് എന്തെങ്കിലും ചോദിച്ചാൽ എനിക്കറിയാവുന്ന പൊട്ടത്തരങ്ങൾ അപ്പോൾ തന്നെ ഞാൻ പറയും. അതുകേട്ടു എന്നെ വഴക്ക് പറയും. പിന്നീട് അതിന്റെ വിശദീകരണം ഉണ്ടാകും. പെട്ടുപോയ ഞാൻ പിന്നെ കേട്ടു കൊണ്ടിരിക്കും. അതിനിടയിൽ അവിടെ പലരും എന്നെ രക്ഷിക്കാൻ നോക്കും. പക്ഷെ, എന്റെ അപ്പാപ്പൻ എന...

വരം

Image
ഒരിക്കൽ ഒരു രാജ്യത്ത് ഒരു ഭരണാധികാരി തന്റെ രാജ്യത്ത് എന്നും സമാധാനം ഉണ്ടാകാൻ ദൈവത്തിനോട് ഒരു വരം ചോദിക്കാൻ തീരുമാനിച്ചു. എങ്ങനെയാണ് വരം ചോദിക്കേണ്ടതെന്ന് വ്യക്തമായി അദ്ദേഹത്തിന് അറിയാമായിരുന്നു. അങ്ങനെ ദൈവം പ്രത്യക്ഷപ്പെട്ടു. ദൈവം ചോദിച്ചു : "നിനക്ക് എന്താണ് വേണ്ടത്?" ഭരണാധികാരി തന്റെ ആവശ്യം പറഞ്ഞു : "ആര് എന്ത് ചിന്തിച്ചാലും അത് പരസ്യമാകണം." "വിചിത്രമായ ഈ വരം എന്തിനാണ്?! നിനക്ക് ഇതുകൊണ്ട് എന്താണ് ഗുണം?!!" ദൈവം ചോദിച്ചു. ഭരണാധികാരി മറുപടി പറഞ്ഞു : "എന്റെ നാടിന്റെ നന്മയ്ക്ക് വേണ്ടിയാണ്. ഉദാഹരണത്തിന്... ഏതെങ്കിലും ഒരു കള്ളൻ മോഷ്ടിക്കാൻ തീരുമാനിച്ചാൽ ഉടനെ മോഷ്ടിക്കപ്പെടാൻ സാധ്യതയുള്ള വീട്ടിലോ സ്ഥാപനത്തിലോ ഉള്ളവർ അറിയുകയും, അത്  അവർക്ക് മുൻകരുതൽ എടുക്കാനും, അങ്ങനെ മോഷണവും അതുവഴിയുണ്ടാകുന്ന അക്രമത്തിൽ നിന്ന് അവർക്ക് സ്വയം രക്ഷപ്പെടാനും സാധിക്കുന്നു. മാത്രമല്ല കള്ളൻ മനസ്സിൽ ചിന്തിക്കുമ്പോഴേക്കും പോലീസുകാർക്ക് അയാളെ പിടിക്കാനും കഴിയുന്നു. കള്ളം പറയുന്ന സ്വഭാവം ഇല്ലാതാകും. നമ്മുടെ കൂടെ കൂട്ടുകൂടി ഇരിക്കുന്ന ആൾ എങ്ങനെയുള്ള ആളാണെന്ന് മനസ്സിലാക്കാൻ സാ...

കാവൽക്കാരൻ

Image
എവിടെപ്പോയാലും ഒരു കുട എപ്പോഴും എന്റെ കൈയിൽ ഉണ്ടാകും. അതെനിക്ക് ഒരു ധൈര്യമാണ്. തനിച്ചല്ല എന്നൊരു തോന്നൽ ഉണ്ടാകും.  വീടിനടുത്ത് ആയിരുന്നു "ചൈത്രം " ഇൻസ്റ്റിറ്റ്യൂട്ട്. അവിടെയാണ് ഞാൻ ഡ്രോയിംഗ് പഠിച്ചത്. പൊതുവേ 'പുറത്താരോടും മിണ്ടാത്ത' എന്റെ ആ സ്വഭാവം കുറെയൊക്കെ മാറ്റി തന്നത് ഡ്രോയിംഗ് ക്ലാസിലെ കുട്ടികളാണ്. വീട്ടിൽ പോയാണ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നത്. രാവിലെയും വൈകിട്ടും എനിക്ക് ആരെങ്കിലും കൂട്ട് ഉണ്ടാകും. ഉച്ചയ്ക്ക് ഞാൻ തനിച്ചു പോകണം.  ഒരു ദിവസം ഞാൻ ഊണ് കഴിച്ച് തിരിച്ച് ഡ്രോയിംഗ് ക്ലാസ്സിലേക്ക് നടന്നു. കുറച്ചു നടന്നു വന്നപ്പോഴേക്കും ക്ലാസിലെ കുട്ടികളെ വഴിയിൽ വെച്ച് കണ്ടു. അവർ കടയിൽ നിന്നും എന്തൊക്കെയോ വാങ്ങുന്നു. നടക്കുന്നതിനിടയിൽ അവരെ നോക്കി ഒന്ന് ചിരിച്ചു. ഞാൻ ക്ലാസ്സിൽ എത്തുന്നതിനു മുമ്പ് അവർ ക്ലാസ്സിൽ എത്തി. നടത്തത്തിൽ ഞാൻ ആമയാണ്.    അങ്ങനെ എന്തായാലും ഞാനും ഇൻസ്റ്റിറ്റ്യൂട്ട് അടുക്കാറായി. ദൂരെ നിന്ന് തന്നെ ഞാൻ കണ്ടു, ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിൽ ചെറിയ ആൾക്കൂട്ടം. അടുത്തു വന്നപ്പോൾ മനസിലായി സാറും കുട്ടികളും ആണെന്ന്. അവർ ഞാൻ വരുന്ന വഴിയെ നോക്കുകയാണ്. ...

സ്വപ്നത്തിന്റെ സ്വഭാവം

Image
ഞാൻ  എപ്പോഴും സ്വപ്‌നങ്ങൾ കാണുന്നു. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നായിരിക്കും തുടങ്ങിയത്? ഞാൻ ആദ്യം കണ്ട സ്വപ്നം എന്തായിരിക്കും? എത്ര ശ്രമിച്ചാലും കിട്ടില്ല.! ആരോടെങ്കിലും ചോദിക്കാൻ പറ്റുമോ?!. ചില സ്വപ്‌നങ്ങൾ ഒരു സിനിമ പോലെ തോന്നും. ടി വി യിൽ നല്ല സിനിമയുടെ  ക്ലൈമാക്സ്‌ ആകുമ്പോൾ കറന്റ്‌ പോകുന്നതു പോലെ, നല്ല സ്വപ്‌നങ്ങൾ പൂർത്തിയാക്കാനും സമ്മതിക്കില്ല. അപ്പോഴേക്കും എഴുന്നേൽക്കും. ടി വി യിൽ എപ്പോഴെങ്കിലും ആ സിനിമയുടെ ബാക്കി കാണാൻ പറ്റും. പക്ഷെ... ഈ സ്വപ്നത്തിന്റെ ബാക്കി എങ്ങനെ കാണും? അങ്ങനെ നോക്കുമ്പോൾ സ്വപ്നം കാണാതിരുന്നാൽ മതിയായിരുന്നു. അതിനും പറ്റുന്നില്ല.!! എന്നാൽ വേറെയും കുഴപ്പം ഉണ്ട്. ഏതെങ്കിലും പേടിപ്പിക്കുന്ന സ്വപ്നം കാണുമ്പോൾ എങ്ങനെയും എഴുന്നേക്കാൻ നോക്കിയാലോ, അതിനും കഴിയില്ല. ആ സ്വപ്നം മുഴുവനും കാണും.!! എന്നിട്ട് ഒച്ച വെച്ചു മറ്റുള്ളവരെയും പേടിപ്പിക്കും. ചീത്ത സ്വപ്നങ്ങൾ കാണാതിരിക്കാൻ  വല്ല മാർഗ്ഗവും ഉണ്ടോ? ഞാൻ നോക്കിയിട്ട് ഒറ്റമാർഗ്ഗമേയുള്ളൂ ഉറങ്ങാതെയിരിക്കുക!!!

സദ്യ

Image
അല്ലെങ്കിലും അങ്ങനെയാ, എന്തിനും മുൻപന്തിയിൽ നില്കുന്നവർക്കേ എല്ലാം കിട്ടുള്ളൂ. അതല്ലേ സദ്യയ്ക്കു പോകുമ്പോൾ എല്ലാവരും ആദ്യം ഇരിക്കാൻ ശ്രമിക്കുന്നത് . അതാകുമ്പോൾ നമ്മുടെ മുന്നിൽ ഇല കാണാൻ പറ്റാതെ വിഭവങ്ങൾ ഉണ്ടാകും. ഇല്ലെങ്കിൽ  വിഭവങ്ങൾ കാണാൻ കൊതിക്കുന്ന ഇലയുണ്ടാകും.!!  ഒരിക്കൽ മുൻപന്തിയിൽ ഇരിക്കാൻ ഞങ്ങളും ഒരു ശ്രമം നടത്തി. ഞങ്ങളുടെ അടുത്ത് താമസിക്കുന്ന രണ്ടു കുടുംബമായിട്ടു ചക്കുളത്തുകാവ്  അമ്പലത്തിൽ പോയി. അതിരാവിലെയാണ് പോയത്. അമ്പലത്തിൽ സമാന്യം നല്ല   തിരക്കുണ്ടായിരുന്നു. ഞങ്ങൾ എന്തായാലും അകത്തുകയറി. എല്ലായിടത്തും തൊഴുതു,   വഴിപാടുകൾ എല്ലാം നടത്തി സമാധാനമായി എല്ലാവരും പുറത്തിറങ്ങി.  എല്ലാവർക്കും വിശക്കുന്നു. എന്നാൽ ഇനി ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് പോകാമെന്ന് പറഞ്ഞു നോക്കിയപ്പോൾ, അവിടെ ഒരു പന്തലിട്ടിരിക്കുന്നത് കണ്ടു. "ഹായ് .. അമ്പലത്തിൽ അന്നദാനവും ഉണ്ടല്ലോ..!" എന്നു പറഞ്ഞ് ഞങ്ങൾ എല്ലാവരും അവിടേക്ക് നടന്നു.  ഞങ്ങൾ പന്തലിന്റെ അകത്തു കടന്നു. ചുറ്റിനും നോക്കി. ഒരുപാട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ഏതു സീറ്റിൽ ഇരിക്കണമെന്ന ആശങ്കയിൽ...

ചെരുപ്പ്

Image
അന്ന് ഒരു ശനിയാഴ്ച. ഞാൻ പതിവുപോലെ കലാഭവനിൽ നിന്നും ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലേക്കു നടക്കുകയായിരുന്നു. രാവിലെ ബസ്സ്റ്റോപ്പിലേക്കു പോകുമ്പോൾ വഴിയരികിൽ കുറേ ചേട്ടന്മാർ ഉണ്ടാകും.  പൂവാലന്മാർ എന്നും വിളിക്കാം. തിരിച്ചു ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോഴും ഇതേ കൂട്ടർ അവിടെ നിൽക്കുന്നുണ്ടാകും. അവരുടെ അടുത്തെത്തുമ്പോൾ മിക്കപ്പോഴും അവർ പാട്ട് പാടും. എപ്പോഴും എന്റെ കൈയിൽ കുടയുണ്ടായിരിക്കും. അതെന്റെ ആയുധമാണ്. ഇതുപോലുള്ളവരുടെ മുഖം കാണാതിരിക്കാൻ ഞാൻ ഈ കുട ഉപയോഗിക്കും. ഒരിക്കൽ അവർ പറയുകയാ : "ഈ കൊച്ചാണ് മഴ കൊണ്ടുവരുന്നത്." ദൂരേന്നു തന്നെ ഞാൻ കണ്ടു അവരെ. എന്തുചെയ്യാം? പതിവുപോലെ കുട തന്നെ ശരണം. നടന്നു നടന്നു ഞാൻ അവരുടെ അടുത്തെത്തി.  അവർ പാടി : "മുൻകോപക്കാരീ...."  അപ്പോൾ ഞാൻ കുട ആ വശത്തേക്ക് മറച്ചു.  അവർ വീണ്ടും പാടി : "മുഖം മറയ്ക്കും നിന്റെ മനസ്സൊരു...."  ദേഷ്യം വന്നിട്ട് ഞാനെന്റെ നടത്തത്തിന്റെ വേഗത കൂട്ടി. ആ വേഗത എന്റെ ചെരുപ്പിന് ഇഷ്ടപ്പെട്ടില്ല. അവരുടെ മുന്നിൽ വെച്ച് ചെരുപ്പ് പൊട്ടി. എന്തൊരു നാണക്കേടാ!.. ആ ചെരിപ്പും കൊണ്ട് നടക്കാൻ ഒട്ടും പറ്റുന്നില്ല. എനിക്ക് ദേഷ്യവും...

യാത്ര

Image
യാത്ര ഒരിക്കൽ അവനും അവളും ഒരു തീവണ്ടി യാത്രയിൽ ഒന്നിച്ച് യാത്ര ചെയ്തു. മനപ്പൂർവ്വമല്ല. എന്നാൽ അവർക്ക് പരസ്പരം നേരത്തെ അറിയാം. ആ ദീർഘയാത്രയിൽ പലതും അവർ സംസാരിച്ചു. ആ സംസാരത്തിനിടയിൽ അവർ പരസ്പരം മനസ്സിലാക്കി തങ്ങൾ പ്രണയിക്കുകയാണെന്ന്. അതിനിടയിൽ അവന്റെയും അവളുടെയും പേര് അവൻ തീവണ്ടിയിൽ എഴുതിവെച്ചു.  അവൻ പറഞ്ഞു : "ഇനി എന്നെങ്കിലും നമ്മൾ ഒന്നിച്ച് ഇതേ സീറ്റിൽ യാത്ര ചെയ്യുമ്പോൾ നമുക്ക് മാത്രം കാണാൻ". അവൾക്ക് ഇറങ്ങാനുള്ളസ്ഥലം എത്തി. ഇറങ്ങുന്നതിനു മുൻപ് ബാഗ് തുറന്ന് ഒരു കവർ എടുത്ത് അവനു  കൊടുത്തു. അവളുടെ കല്യാണത്തിന് അവനെ ക്ഷണിച്ചു. അവൻ ആ കവർ വാങ്ങി. അവന്റെ ഉള്ളിലെ താങ്ങാനാവാത്ത ദുഃഖം അവൾ കണ്ടു. പ്രണയത്തിന്റെ തുടക്കവും ഒടുക്കവും ഒരു ദിവസം തന്നെ ആയല്ലോ എന്നോർത്ത് ഏറെ വിഷമത്തോടെ അവൾ ഇറങ്ങി നടന്നു. അവൾ  മറയുന്നതുവരെ  നോക്കി നിന്ന് അവൻ വീണ്ടും യാത്ര തുടർന്നു. പിന്നീട് എപ്പോൾ തീവണ്ടിയിൽ യാത്ര ചെയ്യുമ്പോഴും അവനും അവളും അതേ സീറ്റ് അന്വേഷിക്കും. പക്ഷേ കണ്ടില്ല. എങ്ങനെ കാണും? ഇതുപോലെ കുറെ ആളുകളുടെ പേരുകൾ കണ്ടു ഇന്ത്യൻ റെയിൽവേ മടുത്തു. അവർ പെയിന്റ് അടിക്കാൻ തുടങ്ങി!. ...

ചായക്കട

Image
അച്ഛനും അമ്മയും ഞാൻ ചെറുതായിരുന്നപ്പോൾ എപ്പോഴും പറയുമായിരുന്നു: "നീ മൂത്തകുട്ടിയാണ്. ഞങ്ങളെപ്പോലെ തന്നെ നിനക്കും നിന്റെ സഹോദരങ്ങളുടെ കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ട്." ആ ഉത്തരവാദിത്തം എപ്പോഴും എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. അതുകൊണ്ട് ഞാനൊരു ചേച്ചിയമ്മ ആയിരുന്നു. എന്നു വിചാരിച്ച് ഞാൻ ഇരിക്കുമ്പോൾ അവരുടെ ഉള്ളിൽ ഞാൻ വെറും ചേച്ചി. അവരെ കുറ്റം പറയാൻ പറ്റുമോ? അതിമോഹം ആയിരുന്നു എനിക്ക്. പലപ്പോഴും ഞാൻ എന്നിലെ ചേച്ചിയമ്മയെ പുറത്തെടുക്കും. ഇടയ്ക്ക് ഞാൻ അവരുടെ ടീച്ചറും ആകും.  ഒരിക്കൽ ഞങ്ങൾ കൂട്ടുകാരും കൂടി സ്കൂളിൽ നിന്നും വൈകുന്നേരം തിരിച്ചു വീട്ടിലേക്ക് വന്നപ്പോൾ മറക്കാനാവാത്ത ഒരു സംഭവമുണ്ടായി. ഞങ്ങൾ പ്രൈവറ്റ് ബസ്സിൽ ആണ് വരുന്നത്. ഞങ്ങളുടെ സ്റ്റോപ്പ് എത്തി. അവിടെ ഞങ്ങളുടെ കൂടെ ഇറങ്ങാൻ കുറച്ച് അധികം ആളുകൾ ഉണ്ടായിരുന്നു. ഞങ്ങളാണ് ആദ്യം ഇറങ്ങിയത്. ആദ്യം എന്റെ സഹോദരങ്ങളും അവരുടെ പിറകെ ഞാനും നടന്നു. ഞങ്ങൾ കൂട്ടുകാരോടൊത്ത് നിർത്താതെ വർത്തമാനം പറഞ്ഞ് മുന്നോട്ട് നടക്കുകയാണ്.  ബസ് സ്റ്റോപ്പിനടുത്ത് ഒരു ചായക്കടയുണ്ട്. ചായക്കടയിൽ അത്യാവശ്യം ആളുകളുണ്ട്. കുറേ ആളുകൾ ബസ്‌സ്റ്റോപ്പിലും ഉണ്ട്...

പറന്ന് പറന്ന്

Image
ഞാൻ ഒറ്റക്കാണ് യാത്ര. മലകളും പുഴകളും അങ്ങനെ എല്ലാം കണ്ടുകൊണ്ട് ഞാൻ പറക്കുകയാണ്. ഇടയ്ക്ക് നോക്കിയപ്പോൾ കാഴ്ചകൾ മങ്ങുന്നതുപോലെ തോന്നി. പിന്നെയാ മനസിലായത് - ഞാൻ കൂടുതൽ ഉയരങ്ങളിലേക്കാണ് പോകുന്നത് എന്ന്. ഭൂമിയെ ഗോളാകൃതിയിൽ കണ്ടു. കുട്ടികളുടെ കാർട്ടൂൺ കഥാപാത്രമായ ഓഗി പൂച്ച പോയപോലെ ഞാനും ഭൂമി വിട്ട് ദൂരേക്ക് പറന്നു. പോയി പോയി അവസാനം ഞാൻ വേറൊരു ഗ്രഹത്തിൽ എത്തി. അവിടെ ഞാൻ സാവധാനം ഇറങ്ങി. ചുറ്റിലും നോക്കി.  ആരുമില്ല. എങ്ങും മരുഭൂമി പോലെ തോന്നിക്കുന്ന ഒരിടം. അസഹ്യമായ പൊടിക്കാറ്റ്. എന്ത് ചെയ്യുമെന്നറിയാതെ ഞാൻ നോക്കി നിന്നപ്പോൾ ഒരു ആരവം കേട്ടു. അവിടേക്ക് നോക്കിയപ്പോൾ കുറെ രൂപങ്ങൾ!! അവർ എന്റെ അടുത്തേക്ക് വരികയാണ്. എവിടെയോ കണ്ടു പരിചയിച്ച മുഖങ്ങൾ!!  ഞാൻ ഭയന്നിരിക്കുകയാണെന്ന്  അവർക്ക് മനസ്സിലായി. അതിലൊരാൾ എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു : " പേടിക്കണ്ട, വഴിതെറ്റി വന്നതാണെന്ന് മനസ്സിലായി. ഞങ്ങൾ നിങ്ങളെ തിരിച്ചു കൊണ്ടാക്കാം." എന്റെ പേടി കുറച്ചു കുറഞ്ഞു. എന്നാലും ഇവർക്ക് എങ്ങനെ മലയാളം അറിയാം? ഞാൻ ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ...  "ഞങ്ങൾക്ക് ഏതു ഭാഷയും സംസാരിക്കാൻ ഉള്ള കഴിവുണ്ട്." നിങ്...